ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് നിരത്തുകളില്‍ എത്തിയിട്ട് ഒരു വര്‍ഷത്തോടടുക്കുകയാണ്. നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുന്ന ഈ വാഹനത്തിന്റെ ടര്‍ബോ എന്‍ജിന്‍ മോഡല്‍ വരവിനൊരുങ്ങുകയാണ്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി 13-ന് അല്‍ട്രോസ് ടര്‍ബോ എന്‍ജിന്‍ മോഡല്‍ അവതരിപ്പിക്കുമെന്നാണ് സൂചന. 

ടോപ്പ്, മിഡ് എന്നീ വേരിയന്റുകളിലായിരിക്കും ടര്‍ബോ എന്‍ജിന്‍ നല്‍കുകയെന്നാണ് വിവരം. ടര്‍ബോ മോഡലിനൊപ്പം റെഗുലര്‍ പെട്രോള്‍ എന്‍ജിനിലുള്ള അല്‍ട്രോസിന്റെ വില്‍പ്പനയും തുടരും. ഏറെ പ്രശംസ നേടിയിട്ടുള്ള ഡിസൈന്‍ ശൈലിയാണ് അല്‍ട്രോസിന്റേത്. അതുകൊണ്ടുതന്നെ ഡിസൈനില്‍ മാറ്റം വരുത്താതെയായിരിക്കും ടര്‍ബോ പതിപ്പ് എത്തുക.

അതേസമയം, ടര്‍ബോ മോഡലാണെന്ന് സൂചന നല്‍കുന്നതിനുള്ള നേരിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പരീക്ഷണയോട്ട ചിത്രങ്ങളില്‍ കണ്ടിരുന്നത് പോലെ ഹാച്ച് ഡോറില്‍ ടര്‍ബോ ബാഡ്ജിങ്ങ് നല്‍കുന്നുണ്ട്. കഴിഞ്ഞ ഉത്സവ സീസണില്‍ അല്‍ട്രോസ് ടര്‍ബോ വിപണിയില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഇത് പുതുവര്‍ഷത്തിലേക്ക് നീളുകയായിരുന്നു.

നെക്‌സോണില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും അല്‍ട്രോസിലും നല്‍കുക. ഇത് 108 ബി.എച്ച്.പി പവറും 140 എന്‍.എം. ടോര്‍ക്കുമേകും. ഇതില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും. നെക്‌സോണിന് കരുത്തേകുന്ന 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 118 ബി.എച്ച്.പി പവറാണ് ഉത്പാദിപ്പിക്കുന്നത്. 

നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് അല്‍ട്രോസ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 89 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇരു മോഡലിലും ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Tata Altroz Turbo Model To Launch In January 13