ര്‍ബോയുടെ കാലമാണിപ്പോള്‍. കരുത്തും ഉശിരും കൂടും. ശക്തിപോരെന്ന പരാതി ഇനിയുണ്ടാവില്ല... പ്രീമിയം ഹാച്ച്ബാക്കിലേക്ക് ടാറ്റ കുടഞ്ഞിട്ട വജ്രായുധമായിരുന്നു 'അള്‍ട്രോസ്'. കാഴ്ചയില്‍ സൗന്ദര്യത്തിടമ്പു തന്നെ. ആദ്യം പെട്രോളും പിന്നെ ഡീസലുമെത്തി. ഒന്നിലും ഒരു കുറവുമുണ്ടായിരുന്നില്ല. എന്നാല്‍, എതിരാളികള്‍ ഒരുപടി മുന്നിലേക്കു കടന്ന് ടര്‍ബോ കരുത്താര്‍ജിക്കുമ്പോള്‍ കൈയും കെട്ടി നോക്കിയിരിക്കാനാവുമോ? അങ്ങനെ വന്നു അള്‍ട്രോസിനും 'ടര്‍ബോ' ഹൃദയം.

86-ല്‍ നിന്ന് കരുത്ത് 109 ബി.എച്ച്.പി.യിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ ടോര്‍ക്കാകട്ടെ 113 എന്‍.എമ്മില്‍ നിന്ന് 140-ലേക്കായി. അള്‍ട്രോസ് പുതിയ ഹൃദയവുമായി കുതിച്ചുപായുമ്പോള്‍ ശരിക്കും കരുത്തേറിയ ഡ്രൈവിങ് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അള്‍ട്രോസിന്റെ സൗന്ദര്യ വിവരണങ്ങള്‍ പെട്രോളിലും ഡീസലിലുമൊക്കെ നടത്തിയിട്ടുണ്ട്. അതിനാല്‍, ഇനി അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. രൂപം ഒന്നുതന്നെ, ഹൃദയശസ്ത്രക്രിയയേ നടന്നിട്ടുള്ളു.

ശക്തിമാന്‍

ആക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തുകയേ വേണ്ടൂ, കുതിപ്പു തുടങ്ങാന്‍. ഇതില്‍ ഒരു അധിക മോഡുണ്ട്, 'സ്‌പോര്‍ട്ട്'. ഇതിലാണ് ഇതെല്ലാം ആവാഹിച്ചു വച്ചിട്ടുള്ളത്. സാദാ അള്‍ട്രോസില്‍ ഇക്കോയും സിറ്റിയുമാണെങ്കില്‍ ഇതില്‍ സിറ്റിയും സ്‌പോര്‍ട്ടുമാണ്. നൂറു കിലോമീറ്റര്‍ എന്ന അക്കം കടക്കാന്‍ 12 സെക്കന്‍ഡ് വേണ്ടെന്നാണ് കമ്പനിയുടെ സാക്ഷ്യം. സ്‌പോര്‍ട്ട് മോഡില്‍ 5,500 ആര്‍.പി.എം. വരെ എത്തും. ഇരുപത്തഞ്ച് ശതമാനം വരെ ടോര്‍ക്കില്‍ കുതിപ്പുണ്ട് ഈ മോഡില്‍. 

നഗര ഡ്രൈവിങ്ങില്‍ ഈ മോഡ് അധികം ഉപയോഗിക്കേണ്ട. സിറ്റി മോഡ് തന്നെയാണ് അഭികാമ്യം. ഇന്ധവില നൂറിലേക്ക് കുതിച്ചുയരുമ്പോള്‍ മീറ്ററിലെ സൂചി അല്‍പ്പം താഴ്ത്തിപ്പിടിക്കുന്നതാണ് ഉത്തമം. ഇടയ്‌ക്കൊന്ന് പിടപ്പിക്കണമെങ്കില്‍ സ്‌പോര്‍ട്ടിലേക്കിടാം... കുതിക്കാം. ടെസ്റ്റ് ഡ്രൈവിനിടെ അഞ്ചാം ഗിയറില്‍ 100 കടക്കുമ്പോള്‍ ആര്‍.പി.എം. 2,300 ആയിരുന്നു. 120-ലേക്ക് കടക്കുന്നത് 2,800 ആര്‍.പി. എമ്മിലാണ്. 

ഈ ഘട്ടത്തിലും വണ്ടിക്ക് ഒരു അഹങ്കാരവുമുണ്ടായിരുന്നില്ല. ഉള്ളിലേക്ക് അതിന്റെ അധിക പ്രതീതിയും അനുഭവപ്പെട്ടിരുന്നില്ലെന്നത് ശ്രദ്ധേയമായി, പ്രത്യേകിച്ച് ഒരു ഹാച്ച്ബാക്കില്‍. ടര്‍ബോയിലേക്ക് വരുമ്പോള്‍ കരുത്ത് കൂട്ടിവരിക എന്നതാണ് ഇതിലെ പ്രധാനഭാഗം. എന്‍ജിനില്‍ നിന്നുള്ള കരുത്ത് പൂര്‍ണമായും ഊറ്റിയെടുക്കുന്ന സാങ്കേതികവിദ്യ.

കൂടുതല്‍ ഇന്ധനച്ചെലവും നിര്‍മാണച്ചെലവും കാരണം പെട്രോള്‍ കാറുകളില്‍ നിന്ന് അകന്നുനിന്നിരുന്ന ടര്‍ബോ, ഇപ്പോള്‍ ചെറിയ പെട്രോള്‍ കാറുകളിലേക്കും വരികയാണ്. ഹ്യുണ്ടായും ഫോക്‌സ്വാഗണുമൊക്കെയാണ് ചെറിയ കാറുകളിലേക്ക് ടര്‍ബോ കരുത്തെത്തിച്ച മുമ്പന്‍മാര്‍.

കാഴ്ച

മറ്റ് അള്‍ട്രോസ് മോഡലില്‍ നിന്ന് വ്യത്യസ്ഥമായൊന്നുമില്ല. 90 ഡിഗ്രിയില്‍ തുറക്കുന്ന ഡോറുകള്‍, ഡ്യൂവല്‍ ചേംബര്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, 16 ഇഞ്ച് ഡ്യൂവല്‍ ടോണ്‍ ലേസര്‍കട്ട് അലോയ്, പിയാനോ ബ്ലാക്ക് വിങ് മിറര്‍, വാതിലില്‍ ഒതുങ്ങിനില്‍ക്കുന്ന പിന്‍ഡോര്‍ ഹന്‍ഡില്‍, മസ്‌കുലര്‍ ലൈനുകളുള്ള രൂപകല്പന... എന്നിങ്ങനെ പോകുന്നു സവിശേഷതകള്‍. ഹര്‍മന്‍ കാര്‍ഡന്‍ മ്യൂസിക് സിസ്റ്റവും ഇതിനൊപ്പം വരുന്നുണ്ട്. വില 7.76 ലക്ഷം രൂപ മുതല്‍ 8.88 ലക്ഷം വരെ. എ.ആര്‍.എ.ഐ. കണക്കനുസരിച്ച് 18.13 ആണ് മൈലേജ്. ടര്‍ബോയില്ലാത്ത മോഡലിന് 19.05.

Content Highlights: Tata Altroz Turbo Engine Model Test Drive Review