ടാറ്റ പുറത്തുവിട്ട ടീസർ | Photo: Youtube|Tata Motors
ടാറ്റയുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന്റെ ടര്‍ബോ എന്ജിന് പതിപ്പ് ഈ മാസം 13-ന് നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്. ഈ വാഹനത്തിന്റെ വരവറിയിച്ചും പുതുവര്‍ഷം ആശംസിച്ചും ടാറ്റ മോട്ടോഴ്സ് അല്‍ട്രോസ് ടര്‍ബോ മോഡലിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടു. 10 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ടാറ്റ റിലീസ് ചെയ്തിരിക്കുന്നത്.
അല്‍ട്രോസ് നിരയിലേക്ക് പുതുതായെത്തുന്ന ബ്ലു ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വാഹനമാണ് ടീസര്‍ ഉപയോഗിച്ചിരിക്കുന്നത്. മുമ്പ് നിരത്തുകളില്‍ എത്തിയിട്ടുള്ള അല്‍ട്രോസിന്റെ ഡിസൈനില്‍ തന്നെയാണ് ടര്‍ബോ പതിപ്പും എത്തിയിട്ടുള്ളത്. ടര്‍ബോ ബാഡ്ജിങ്ങ് മാത്രമാണ് ഈ വാഹനത്തില്‍ പുറം മോടിയില്‍ അധികമായി ഇടംപിടിച്ചിട്ടുള്ളത്.
എന്നാല്‍, മെക്കാനിക്കലായി വലിയ മാറ്റമാണ് വരുത്തിയിട്ടുള്ളത്. നെക്സോണില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് അല്‍ട്രോസിന്റെ ഹൃദയം. ഇത് 108 ബി.എച്ച്.പി പവറും 140 എന്‍.എം. ടോര്‍ക്കുമേകും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഈ വരവിലെ പുതുമായണ്.
ടോപ്പ്, മിഡ് എന്നീ വേരിയന്റുകളുടെ ടര്‍ബോ എന്ജിന് പതിപ്പ് പുറത്തിറങ്ങുമെന്നാണ് സൂചന. ടര്‍ബോ മോഡലിനൊപ്പം റെഗുലര്‍ പെട്രോള്‍ എന്‍ജിനിലുള്ള അല്‍ട്രോസിന്റെ വില്‍പ്പനയും തുടരും. ഏറെ പ്രശംസ നേടിയിട്ടുള്ള ഡിസൈന്‍ ശൈലിയാണ് അല്ട്രോസിന്റേത്. അതുകൊണ്ടുതന്നെ ഡിസൈനില്‍ മാറ്റം വരുത്താതെയായിരിക്കും ടര്‍ബോ പതിപ്പ് എത്തുക.
നിലവില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് അല്‍ട്രോസ് എത്തുന്നത്. പെട്രോള്‍ എന്ജിന് 85 ബി.എച്ച്.പി. പവറും 113 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്ജിന് 89 ബി.എച്ച്.പി. പവറും 200 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇരു മോഡലിലും ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Tata Altroz Turbo Engine Model Teased Before Launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..