ടാറ്റയുടെ വരാനിരിക്കുന്ന പുതിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് അല്‍ട്രോസ്. ഇക്കഴിഞ്ഞ ജനീവ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച അല്‍ട്രോസ് അധികം വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുകയാണ്. ഇതിന് മുന്നോടിയായി അല്‍ട്രോസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പുറത്തിറക്കുകയാണ് കമ്പനി. Altroz.tatamotors.com എന്ന വെബ്‌സൈറ്റില്‍ ഒരു ലക്ഷം സന്ദര്‍ശകരെ ലഭിച്ചാലുടന്‍ അല്‍ട്രോസ്‌ വെബ്‌സൈറ്റ് ലൈവാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവില്‍ 22 ശതമാനത്തോളം സന്ദര്‍ശകര്‍ സൈറ്റിലെത്തിക്കഴിഞ്ഞു. 

altroz

2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ 45X എന്ന കോഡ് നാമത്തില്‍ അവതരിപ്പിച്ച കണ്‍സെപ്റ്റില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ അല്‍ട്രോസ് പ്രൊഡക്ഷന്‍ സ്പെക്കിനുള്ളു. സ്‌റ്റൈലിഷ് രൂപഘടനയ്ക്ക് പ്രാധാന്യം നല്‍കിയാണ് അല്‍ട്രോസിന്റെ ഓവറോള്‍ ഡിസൈന്‍. ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്​ലൈറ്റുകള്‍ എന്നിവയാണ് അല്‍ട്രോസിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും. 

tata altroz

3,988 മില്ലീമീറ്റര്‍ നീളവും 1,745 മില്ലീമീറ്റര്‍ വീതിയും 1505 മില്ലീമീറ്റര്‍ ഉയരവും 2501 മില്ലിമീറ്റര്‍ വീല്‍ബേസുമാണ് അള്‍ട്രോസിനുണ്ടാവുക. ടാറ്റ കാറുകളില്‍ ആദ്യമായി വിന്‍ഡോ ഹാന്‍ഡില്‍ അള്‍ട്രോസില്‍ കൊണ്ടുവരികയാണ്. സി പില്ലറിനു പകരമായാണ് ഡോര്‍ ഹാന്‍ഡില്‍ വരുന്നത്. ടിയാഗോയിലും നെക്‌സോണിലും നല്‍കിയിരുന്ന 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും അല്‍ട്രോസിന് കരുത്തേകുക. 5500 ആര്‍പിഎമ്മില്‍ 75 kW പവറും 1750-4000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20, ഫോക്സ് വാഗണ്‍ പോളോ എന്നിവയാണ് അല്‍ട്രോസിനെ കാത്തിരിക്കുന്ന പ്രധാന എതിരാളികള്‍. 2020 ഓടെ അല്‍ട്രോസിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നുണ്ട്.

Content Highlights; Tata Altroz, Altroz Premium Hatchback, Altroz