പുതിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ് ജനുവരിയില്‍ ഇന്ത്യയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. അല്‍ട്രോസ് ജനുവരിയില്‍ അവതരിപ്പിക്കുമെന്ന് കാണിച്ച് പുതിയ ടീസര്‍ വീഡിയോയും ടാറ്റ പുറത്തുവിട്ടിട്ടുണ്ട്. 45X എന്ന പേരില്‍ 2018 ഇന്ത്യ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റില്‍നിന്ന് വലിയ മാറ്റങ്ങളില്ലാതെ കഴിഞ്ഞ ജനീവ ഓട്ടോ ഷോയില്‍ അല്‍ട്രോസിന്റെ പ്രൊഡക്ഷന്‍ മോഡല്‍ ടാറ്റ അവതരിപ്പിച്ചിരുന്നു. ഇതേ രൂപത്തിലാണ് ഫൈനല്‍ പ്രൊഡക്ഷന്‍ സ്‌പെക്ക് വിപണിയിലേക്കെത്തുക. 

വാഹന പ്രേമികളുടെ മനംകവരുന്ന രൂപഘടനയാണ് അല്‍ട്രോസിന്റെ പ്രധാന സവിശേഷത. ഇംപാക്ട്‌സ് 2.0 ഡിസൈന്‍ അടിസ്ഥാനത്തില്‍ ആല്‍ഫ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്‌പോര്‍ട്ടി ബംമ്പര്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, സ്‌പോര്‍ട്ടി റിയര്‍ ഡിസൈന്‍, വലിയ വീല്‍ ആര്‍ച്ച്, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയര്‍ എന്നിവ അല്‍ട്രോസിനെ വ്യത്യസ്തമാക്കും. 

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ വാഹനത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്‍ജിന്‍. ബിഎസ് 6ലേക്ക് മാറാനുള്ള കാലതാമസമാണ് അല്‍ട്രോസിന്റെ ലോഞ്ച് വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും അല്‍ട്രോസ് എത്തിയേക്കും. മാരുതി ബലേനോ, ഹ്യുണ്ടായ് ഐ 20, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയാണ് അല്‍ട്രോസിനെ കാത്തിരിക്കുന്ന എതിരാളികള്‍. റഗുലര്‍ അല്‍ട്രോസിന്റെ ലോഞ്ചിന് ശേഷം ഇതിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ മോട്ടോഴ്സ് വിപണിയിലെത്തിക്കും.

Content Highlights; tata altroz launch confrimed for 2020 january, altroz coming soon