ടാറ്റ അൽട്രോസ് | Photo: Tata Motors
ടാറ്റ മോട്ടോഴ്സ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിരത്തുകള്‍ക്ക് സമ്മാനിച്ച അല്‍ട്രോസ് പെട്രോള്‍ ഐടര്‍ബോ എന്ജിന് മോഡലിന്റെ വില പ്രഖ്യാപിച്ചു. XT, XZ, ZX+ എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന പെട്രോള്‍ ടര്‍ബോ മോഡലിന് 7.73 ലക്ഷം രൂപ മുതല്‍ 8.85 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. അല്‍ട്രോസ് നിരയിലെ ZX+ വേരിയന്റ് റെഗുലര്‍ പെട്രോള്‍ ഡീസല്‍ എന്‍ജിനുകളിലും വിപണിയില്‍ എത്തുന്നുണ്ട്. ഇതിന് യഥാക്രമം 8.25 ലക്ഷം, 9.45 ലക്ഷം രൂപയുമാണ് വില.
1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ഐടര്‍ബോ പെട്രോള്‍ എന്ജിന് 108 ബി.എച്ച്.പി.പവറും 140 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. ടര്‍ബോ എന്‍ജിനൊപ്പം ഡ്യുവല്‍ ക്ലെച്ച് ട്രാന്സ്മിഷന് നല്‍കിയേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് ഭാവിയില്‍ പ്രതീക്ഷിക്കാമെന്നാണ് പുതിയ വിവരം. ജനുവരി 14-ന് ഈ വാഹനം അവതരിപ്പിച്ചപ്പോള്‍ തന്നെ ബുക്കിങ്ങും ടാറ്റ മോട്ടോഴ്സ് തുറന്നിട്ടുണ്ട്.
അഞ്ച് നിറങ്ങളിലാണ് അല്‍ട്രോസ് ഐടര്‍ബോ പെട്രോള്‍ മോഡല്‍ വിപണിയില്‍ എത്തുന്നത്. ഹാര്‍ബര്‍ ബ്ലു, ഹൈ സ്ട്രീറ്റ് ഗോള്‍ഡ്, മിഡ്ടൗണ്‍ ഗ്രേ, ഡൗണ്ടൗണ് റെഡ്, അവന്യു വൈറ്റ് എന്നിവയാണ് അല്‍ട്രോസിലെ നിറങ്ങള്‍. ടര്‍ബോ ബാഡ്ജിങ്ങ് മാറ്റി നിര്‍ത്തിയാല്‍ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ അല്‍ട്രോസ് എത്തിയിട്ടുള്ളത്.
ടര്‍ബോ എന്ജിന് മോഡലിന്റെ ഇന്റീരിയര്‍ കൂടുതല്‍ ഫീച്ചര്‍ സമ്പന്നമായിട്ടുണ്ട്. ലെതര്‍ സീറ്റുകള്‍, മള്‍ട്ടി ഡ്രൈവ് മോഡ്, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവര്‍ സീറ്റ്, റിയര്‍ ആംറെസ്റ്റ്, വണ്‍ ടച്ച് പവര്‍ വിന്‍ഡോ, എക്സ്പ്രെസ് കൂള്‍ ഫങ്ഷന്, ഓട്ടോ ക്ലൈമറ്റ് കണ്ട്രോള്, കണക്ടഡ് കാര്‍ ഫീച്ചറുകള്‍ ഒരുക്കാന്‍ ഐ.ആര്.എ. ടെക് സാങ്കേതികവിദ്യ, ഇംഗ്ലീഷിലും, ഹിഗ്ലീഷിലും വോയിസ് കമാന്റ് നല്കാന് കഴിയുന്ന സംവിധാനം തുടങ്ങിയവയാണ് ഇന്റീരിയറിനെ സമ്പന്നമാക്കുന്ന ഫീച്ചറുകള്‍.
ടാറ്റയുടെ കോംപാക്ട് എസ്.യു.വി. മോഡലായ നെക്സോണില്‍ നല്‍കിയിട്ടുള്ള പെട്രോള്‍ ടര്‍ബോ എന്‍ജിനാണ് അല്‍ട്രോസിലും സ്ഥാനം പിടിച്ചിട്ടുള്ളത്. 11.9 സെക്കന്റില്‍ ഇത് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ടര്‍ബോ എന്ജിന് പുറമെ, 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ഡീസല്‍ എന്‍ജിനുകളിലാണ് ടര്‍ബോ എത്തുന്നത്. ഹ്യുണ്ടായി ഐ20 ടര്‍ബോ, ഫോക്സ്വാഗണ് പോളോ എന്നിവയാണ് അല്‍ട്രോസ് ടര്‍ബോയുടെ എതിരാളികള്‍.
Content Highlights: Tata Altroz iTurbo Launched In India; Price Starts From 7.73 Lakhs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..