ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020-യുടെ ഔദ്യോഗിക വാഹനമാകാന്‍ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ്. സെപ്റ്റംബര്‍ 19 മുതല്‍ ദുബായി, അബുദാബി, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ടാറ്റ അല്‍ട്രോസ് പ്രദര്‍ശനത്തിനെത്തും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ടാറ്റ മോട്ടോഴ്‌സ് ബി.സി.സിഐയുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2018-ല്‍ ടാറ്റയുടെ കോംപാക്ട് എസ്.യു.വി. മോഡലായ നെക്‌സോണും 2019-ല്‍ പ്രീമിയം എസ്.യു.വിയായ ഹാരിയറുമായിരുന്നു ഐ.പി.എല്ലിന്റെ ഔദ്യോഗിക വാഹനങ്ങള്‍. ഇന്ത്യയിലെ ഉത്സവ സീസണുകള്‍ പോലെ തന്നെ പ്രധാന്യമുള്ളതാണ് ഐപിഎല്ലും. ഈ ഉത്സവവുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ടാറ്റ മോട്ടോഴ്‌സ് മേധാവി അഭിപ്രായപ്പെട്ടു.
ഐ.പി.എല്‍. ക്രിക്കറ്റിന് വേദിയാകുന്ന യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയത്തിലും അല്‍ട്രോസ് പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഇതിനുപുറമെ, ടൂര്‍ണമെന്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റൈറ്റുള്ള കളിക്കാരന് അല്‍ട്രോസ് സമ്മാനമായി നല്‍കുകയും ഓരോ മത്സരത്തിലേയും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരത്തിന് അല്‍ട്രോസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ട്രോഫിയും ഒരുലക്ഷം രൂപയും സമ്മാനിക്കും.
ഐ.പി.എല്ലുമായുള്ള സഹകരണത്തിന്റെ ഭാഗമായി രാജ്യത്തെ ടാറ്റ ഡീലര്‍ഷിപ്പുകളിലുടനീളം ഐപിഎല്‍ പോസ്റ്ററുകളും മറ്റും നല്‍കി അലങ്കരിക്കും. ഇതിനുപുറമെ, മുന്‍ വര്‍ഷങ്ങളിലേത് പോലെ അല്‍ട്രോസ് സൂപ്പര്‍ സ്‌ട്രൈക്കര്‍ മൊബൈല്‍ ഗെയിമുകളും ഒരുക്കുന്നുണ്ട്. ഇതുവഴി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും ടാറ്റ നല്‍കുന്നുണ്ട്.
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ഏറ്റവും പുതിയ വാഹനമാണ് ടാറ്റ അല്‍ട്രോസ്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് അല്‍ട്രോസ് എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 1199 സി.സിയില്‍ 86 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സി.സിയില്‍ 90 പി.എസ്. പവറും 200 എന്‍.എം. ടോര്‍ക്കുമേകും.
Content Highlights: Tata Altroz Is The Official Vehicle Of 2020 Indian Premier League