ടാറ്റ ഉടന്‍ പുറത്തിറക്കാനിരിക്കുന്ന 45X എന്ന കോഡ് നാമത്തിലുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ പേര് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അല്‍ട്രോസ് എന്നാണ് ഈ കിടിലന്‍ ഹാച്ച്ബാക്കിന്റെ പേര്. അല്‍ബട്രോസ് കടല്‍പക്ഷികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍ട്രോസ് എന്ന പേര് തിരഞ്ഞെടുത്തത്. വലിയ ചിറകുകളാണിതിന്റെ പ്രത്യേകത. അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലാണിത് കാണപ്പെടുന്നത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ഹാരിയര്‍ എസ്.യു.വിക്ക് പിന്നാലെയെത്തുന്ന 45X (അല്‍ട്രോസ്) കണ്‍സെപ്റ്റിന് ആരെയും ആകര്‍ഷിക്കുന്ന രൂപഭംഗിയുണ്ട്. കണ്‍സെപ്റ്റില്‍ നിന്ന് അല്‍ട്രോസിന് വലിയ മാറ്റങ്ങള്‍ ഇല്ലെങ്കില്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ വലിയൊരു മത്സരം ടാറ്റയ്ക്ക് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍. 

altroz

ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ ടാറ്റ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. അടുത്ത മാസം നടക്കുന്ന 2019 ജനീവ ഓട്ടോ ഷോയില്‍ ഇതിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് പുറത്തിറക്കും. നിലവില്‍ ഇന്ത്യയില്‍ ഇതിന്റെ പരീക്ഷണ ഓട്ടം നിരവധി തവണ നടന്നുകഴിഞ്ഞിട്ടുണ്ട്. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചത്. വിപണിയില്‍ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് അല്‍ട്രോസിലൂടെ ടാറ്റ മോട്ടോഴ്‌സ്‌ ലക്ഷ്യമിടുന്നത്. 

ഡല്‍ഹി ഓട്ടോ എക്‌സ്പോയില്‍ കൊണ്ടുവന്ന വണ്ടിക്ക് നാലുമീറ്ററില്‍ കൂടുതല്‍ നീളമുണ്ടായിരുന്നു. എന്നാല്‍, നികുതി ആനുകൂല്യത്തിനുവേണ്ടി ഇത് നാലുമീറ്ററില്‍ താഴെയാക്കാനാണ് സാധ്യത. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്ക് ആയതുകൊണ്ടു തന്നെ ഫീച്ചറുകളില്‍ പഞ്ഞമൊന്നും വരുത്താനിടയില്ല. ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്‍ട്രോള്‍, എ.ബി.എസ്., പാര്‍ക്കിങ് ക്യാമറ, ഡ്രൈവിങ് മോഡുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് എന്നിവയൊക്കെ അല്‍ട്രോസില്‍ പ്രതീക്ഷിക്കാം. ടിയാഗോയിലും നെക്‌സോണിലുമുള്ള പെട്രോള്‍ എന്‍ജിന്‍ തന്നെ ആല്‍ട്രോസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനും 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുമായിരിക്കും ഈ പ്രീമിയം ഹാച്ച്ബാക്കിലുണ്ടാവുക. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. ഒമ്പത് ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം

altroz

Content Highlights; Tata Altroz is the Official Name of 45X Hatchback