പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ വജ്രായുധമാകാനൊരുങ്ങുന്ന അല്‍ട്രോസിന്റെ യാഥാര്‍ഥ രൂപം പുറത്തുവന്നു. ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിക്കാനെത്തിയ ഇലക്ട്രിക് അല്‍ട്രോസിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. 

ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച അല്‍ട്രോസ് കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് ഈ വാഹനത്തെ ഒരുക്കിയിട്ടുള്ളത്. ഇത് ആദ്യമായാണ് അല്‍ട്രോസിന്റെ യഥാര്‍ഥ ചിത്രം മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

ടാറ്റയുടെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത ഡിസൈനിങ്ങാണ് ഈ വാഹനത്തിലുള്ളത്. വലിയ ഗ്രില്ല്, സ്‌റ്റൈലിഷായിട്ടുള്ള ബമ്പര്‍, വലിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്. 

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. വൈകാതെ തന്നെ നിരത്തിലെത്തുമെന്ന് കരുതുന്ന ഈ വാഹനത്തിന്റെ പരീക്ഷണയോട്ടം ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. 

പെട്രോള്‍, ഡീസല്‍ മോഡലുകള്‍ ഈ വര്‍ഷം തന്നെ നിരത്തിലെത്തുമെങ്കിലും ഇലക്ട്രിക് മോഡലിന് രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചനകള്‍. ടിയാഗോയിലും നെക്സോണിലുമുള്ള പെട്രോള്‍ എന്‍ജിന്‍ തന്നെ ആല്‍ട്രോസില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് ഈ വാഹനത്തിന്റെ പേര് ടാറ്റ വെളിപ്പെടുത്തിയത്. അല്‍ബട്രോസ് കടല്‍പക്ഷികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അല്‍ട്രോസ് എന്ന പേര് തിരഞ്ഞെടുത്തത്. വലിയ ചിറകുകളാണിതിന്റെ പ്രത്യേകത.

Content Highlights: Tata Altroz EV Leaked Ahead Of Global Unveil