പുതിയ ബി.എസ്.6 മാനദണ്ഡങ്ങളൊക്കെ വന്നപ്പോള്‍ തൊട്ട് ഡീസലിനോട് അയിത്തം കല്പിച്ചു തുടങ്ങിയിരുന്നു ചിലര്‍. ഇനി ഡീസല്‍ വണ്ടികള്‍ ഇറക്കില്ലെന്നു വരെ പ്രഖ്യാപിച്ചു ചില കമ്പനികള്‍. പലരും ഡീസല്‍ വണ്ടികളുടെ നിര്‍മാണം പോലും നിര്‍ത്തി. എന്നാല്‍, ടാറ്റയാകട്ടെ ധൈര്യപൂര്‍വം തങ്ങളുടെ പുതിയ താരങ്ങള്‍ക്ക് ഡീസല്‍ ഹൃദയം സമ്മാനിക്കുകയാണ് ചെയ്തത്. അങ്ങനെ ഡീസല്‍ കരുത്തുമായി എത്തിയ 'അള്‍ട്രോസി'നെ പരിചയപ്പെടാന്‍ കിട്ടി.

അഴകിന്റെ അളവുകള്‍

അള്‍ട്രോസിന്റെ സൗന്ദര്യത്തെക്കുറിച്ച് പാണന്‍മാര്‍ ആരംഭം മുതലേ വാഴ്ത്തിപ്പാടുന്നുണ്ടായിരുന്നു. സത്യമാണ്, ഒറ്റനോട്ടത്തില്‍ ആരേയും വീഴ്ത്തുന്ന സൗന്ദര്യത്തിടമ്പാണ്, നിറത്തിലും രൂപത്തിലും. ചുകപ്പിനഴകായി കറുപ്പും ചേരുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നില്ല. രൂപത്തിലും ടാറ്റയുടെ ഡിസൈനര്‍മാര്‍ ഇന്ദ്രജാലം കാണിച്ചിട്ടുണ്ട്. 'ടിയാഗോ'യെക്കാള്‍ ഒരു പടി മുന്നിലാണ് കാഴ്ചയില്‍. മുന്‍ഭാഗം കുറച്ചുകൂടി മുന്നിലേക്ക് തള്ളിനില്‍ക്കുന്നു. 

വലിയ ഗ്രില്‍. ഗ്രില്ലിനു മുകളില്‍ പിയാനോ ബ്ലാക് ഫിനിഷും താഴെ ക്രോം ഫിനിഷും. വലിയ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ ഗ്രില്ലിനോട് ചേര്‍ന്നുപോകുന്നു. അതിനു താഴെ ഫോഗ് ലാമ്പുകളും ഡേ ടൈം റണ്ണിങ് ലാമ്പും. മുന്നിലേക്ക് ഇറങ്ങി നില്‍ക്കുകയാണ് ബോണറ്റ്. വലിയതാണ് മുന്‍ ചില്ല്. മുഖം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകള്‍ക്കുള്ളില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍. 

ഷെവര്‍ലെ ബീറ്റോടെ അന്യം നിന്നുപോയെങ്കിലും ഇപ്പോള്‍ വീണ്ടും കാണാന്‍ തുടങ്ങിയ പിന്‍ഡോര്‍ അള്‍ട്രോസിലും കാണാം. അതായത്, മുകളിലാണ് തുറക്കാനുള്ള പിടി. വശത്തുനിന്നും അള്‍ട്രോസിനെ കാണാന്‍ ചന്തമേറെയാണ്. പിന്നഴകാണ് ഏറെ വ്യത്യസ്തം. പിയാനോ ബ്ലാക്കാണ് ഏറെ ആകര്‍ഷണീയം. വളവും ചെരിവുമെല്ലാമുള്ളതാണ് പിന്നിലെ കണ്‍സോള്‍. അതില്‍ ടെയില്‍ ലാമ്പും അള്‍ട്രോസ് എന്ന എഴുത്തുമെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tata Altroz

യാത്രാസുഖം

അനായാസം കയറിയിറങ്ങാനാവുന്ന 90 ഡിഗ്രി തുറക്കുന്നതാണ് ഡോറുകള്‍. തവിട്ടും കറുപ്പും ചേര്‍ന്നതാണ് അകംനിറം. അനലോഗും ഡിജിറ്റലും ചേര്‍ന്നതാണ് മീറ്റര്‍ കണ്‍സോള്‍. അതിന് നടുക്കായി ഡിജിറ്റലില്‍ വാഹന വിവരം നേരില്‍ കാണാം. ഏഴിഞ്ച് ടിഎഫ്ടി കളര്‍ ഡിസ്പ്ലെ. ഇതില്‍ ബ്ലൂടൂത്ത് അടക്കമുള്ളവ തൊട്ടെടുക്കാം. ആംബിയന്റ് നിറവും കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഇളംനീല നിറം സെന്‍ട്രല്‍ കണ്‍സോളിലും താഴേയുമെല്ലാം തെളിയും. രാത്രിയാത്രയുടെ സുഖം അനുഭവിച്ചറിയാം. മീഡിയ കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍ എന്നിവയുടെ സ്വിച്ചുകളുണ്ട് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലില്‍.

നാല് സ്പീക്കറും രണ്ട് ട്വീറ്ററുമുള്ള ഹര്‍മന്‍ മ്യൂസിക് സിസ്റ്റവും അകമ്പടിയായുണ്ട്. ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ വെച്ചിട്ടുണ്ട്. കൂള്‍ഡ് ഗ്ലൗ ബോക്‌സ്, ആം റസ്റ്റിന് താഴെയുള്ള സ്റ്റോറേജ് തുടങ്ങി ഡോര്‍ പാഡില്‍ കുട വരെ വെക്കാം. പിന്നിലേക്ക് എത്തിയാല്‍ മൂന്നുപേര്‍ക്ക് സുഖമായി ഇരിക്കാം. എ.സി. വെന്റും 12 വോള്‍ട്ട് ചാര്‍ജിങ് സോക്കറ്റും പിറകിലുമുണ്ട്.ബി.എസ്. 6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ നാലു സിലിന്‍ഡര്‍ ഡീസല്‍ എന്‍ജിന് 90 പി.എസ്., 200 എന്‍.എം. ആണ് ടോര്‍ക്ക്. 

ഡ്രൈവിങ് ശരിക്കും ആസ്വദിക്കാം. പെട്ടെന്ന് കരുത്തെടുക്കാനുള്ള കഴിവ് ഓവര്‍ടേക്കിങ്ങില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. വളവുകളില്‍ വീശിയെടുക്കുമ്പോഴും വണ്ടി കൈവിട്ടുപോകില്ല. കോര്‍ണറിങ്ങും ബ്രേക്കുമെല്ലാം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. ടാറ്റയുടെ പുതിയ തലമുറ കാറുകളിലുള്ള സ്റ്റിയറിങ് വീലിന്റെ റെസ്പോണ്‍സ് ശരിക്കും ഡ്രൈവിങ്ങിന്റെ ഹരം കൂട്ടും. ഗിയര്‍ലിവര്‍ പൊസിഷനും കൈക്ക് ബുദ്ധിമുട്ട് ആവുന്നില്ല. അതിനാല്‍ ദീര്‍ഘയാത്രകളിലും കൈ വേദനയെന്ന പ്രശ്‌നം ഉരുത്തിരിയുന്നില്ല. വേഗം കൂടിയാലും മികച്ച സ്റ്റെബിലിറ്റിയുണ്ട്. ഗട്ടര്‍ റോഡുകളിലും നല്ല സസ്‌പെന്‍ഷന്‍ കാരണം അകത്തറിയുന്നില്ല.

വില

ഡീസലിന് ഇപ്പോള്‍ എക്‌സ് ഷോറൂം വില 6.99 ലക്ഷം മുതല്‍ 8.95 ലക്ഷം രൂപ വരെയാണ്. 21 കിലോമീറ്ററാണ് കമ്പനി പറയുന്ന മൈലേജ്.

Content Highlights: Tata Altroz Diesel Engine Model Test Drive Review