ടാറ്റയുടെ കോംപാക്ട് എസ്.യു.വി. വാഹനങ്ങളായ നെക്‌സോണ്‍, നെക്‌സോണ്‍ ഇ.വി. മോഡലുകളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ അടുത്തിടെ നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍, വാഹനപ്രേമികളില്‍ ഏറെ ആവേശം നിറച്ച് പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസിന്റെയും ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. 

അവതരണത്തിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളില്‍ എത്തിയ അല്‍ട്രോസ് ഡാര്‍ക്ക് എഡിഷന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ട്രോസിന്റെ റെഗുലര്‍ മോഡലിലേതിന് സമാനമായ ഡിസൈനിലാണ് ഈ മോഡലും ഒരുങ്ങിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് നിറവും ഡാര്‍ക്ക് എഡിഷന്‍ ബാഡ്ജിങ്ങുമാണ് റെഗുലര്‍ മോഡലില്‍ നിന്ന് ഈ വാഹനത്തെ വ്യത്യസ്തമാക്കുന്നത്. 

അടിമുടി കറുപ്പില്‍ കുളിച്ച് എത്തിയെന്നതാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ബ്ലാക്ക് നിറത്തിന് പ്രാധാന്യം നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് ഫിനീഷിങ്ങിലുള്ള റിയര്‍വ്യൂ മിറര്‍ എന്നിവയാണ് എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. റെഗുലര്‍ മോഡലില്‍ ഗ്രേ നിറത്തിലാണ് അകത്തളം അലങ്കരിച്ചിട്ടുള്ളതെങ്കില്‍ ഈ മോഡലില്‍ അതും ബ്ലാക്കാണ്. 

പിയാനോ ബ്ലാക്ക്-ഗ്ലോസി ബ്ലാക്ക് കോംമ്പിനേഷനിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. പിയാനോ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഡാഷ്‌ബോര്‍ഡില്‍ ഗ്ലോസി ബ്ലാക്ക് പാനലുകള്‍ നല്‍കിയിട്ടുണ്ട്. മറ്റ് ഫീച്ചറുകള്‍ റെഗുലര്‍ മോഡലിലേതിന് സമാനമാണ്. അല്‍ട്രോസില്‍ അടുത്തിടെ സ്ഥാനം പിടിച്ച സ്വിച്ചുകള്‍ ഇല്ലാത്ത ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഡാര്‍ക്ക് എഡിഷനിലും ഒരുങ്ങിയിട്ടുള്ളത്. 

അല്‍ട്രോസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് ഡാര്‍ക്ക് എഡിഷന്‍ ആകുന്നതെന്നാണ് വിവരം. റെഗുലര്‍ മോഡലിനെക്കാള്‍ 30,000 രൂപ വരെ ഉയര്‍ന്ന വിലയും ഡാര്‍ക്ക് എഡിഷന് പ്രതീക്ഷിക്കാം. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഡാര്‍ക്ക് എഡിഷന്‍ എത്തുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Tata Altroz Dark Edition Spied Ahead Of Launch