ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടാറ്റ തൊട്ടതെല്ലാം പൊന്നാണ്. ഹെക്‌സ, ടിഗോര്‍, ടിയാഗോ, നെക്‌സോണ്‍, ഹാരിയര്‍ എന്നീ വാഹനങ്ങള്‍ക്കെല്ലാം ഇന്ത്യയില്‍ വലിയ സ്വീകാര്യത ലഭിച്ചു. ഈ വിജയങ്ങള്‍ക്ക് പിന്നാലെ പുതുവര്‍ഷത്തില്‍ ടാറ്റ വിപണിയിലെത്തിക്കുന്ന പുതിയ മോഡലാണ് പ്രീമിയം ഹാച്ച്ബാക്ക് അല്‍ട്രോസ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച അല്‍ട്രോസ് 2020 തുടക്കത്തോടെ ഉപഭോക്താക്കളുടെ കൈകളിലെത്തും. 

വാഹന പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്‍ട്രോസ് ആകെ അഞ്ച് വകഭേദങ്ങളിലാണ് വിപണിയിലെത്തുക. XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളാണ് അല്‍ട്രേസിനുണ്ടാവുക. ഉപഭോക്താക്കളുടെ താത്പര്യത്തിനനുസരിച്ച് അര്‍ബന്‍, റിഥം, സ്‌റ്റൈല്‍, ലക്സ് എന്നീ പാക്കുകളിലായി കസ്റ്റമൈസേഷന്‍ സൗകര്യവും അല്‍ട്രോസില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌കൈലൈന്‍ സില്‍വര്‍, ഡൗണ്‍ടൗണ്‍ റെഡ്, ഹൈസ്ട്രീറ്റ് ഗോള്‍ഡ്, അവെന്യു വൈറ്റ്, മിഡ്ടൗണ്‍ ഗ്രേ എന്നീ അഞ്ച് എക്സ്റ്റീരിയര്‍ നിറങ്ങളില്‍ അല്‍ട്രോസ് ലഭ്യമാകും. 

altroz

വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ മാരുതി ബലേനോ, ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ് എന്നിവയാണ് ടാറ്റ അല്‍ട്രോസിനെ കാത്തിരിക്കുന്ന എതിരാളികള്‍. അഞ്ച് ലക്ഷത്തില്‍ തുടങ്ങി എട്ട് ലക്ഷത്തിനുള്ളിലായിരിക്കും അല്‍ട്രോസിന്റെ വില. ശ്രദ്ധപിടിച്ചുപറ്റുന്ന സ്‌പോര്‍ട്ടി എക്‌സ്റ്റീരിയറിനൊപ്പം നൂതന കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ നാല് സ്പീക്കറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഹര്‍മാന്‍ ഓഡിയോ സിസ്റ്റവും സ്ഥാനംപിടിക്കും. 

ബിഎസ് 6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലും നെക്സോണില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് അല്‍ട്രോസിന് കരുത്തേകുക. പെട്രോള്‍ എന്‍ജിന്‍ 1199 സിസിയില്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 1497 സിസിയില്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സില്‍ മാത്രമെത്തുന്ന ഈ വാഹനത്തില്‍ ഇക്കോ, സിറ്റി എന്നീ ഡ്രൈവിങ്ങ് മോഡുകളുമുണ്ട്. 

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 345 ലിറ്ററാണ് ബൂട്ട് സ്പേസ്. ധാരാളം സുരക്ഷാ സംവിധാനങ്ങളും അല്‍ട്രോസിലുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്.

altroz

Content Highlights; tata altroz comes with five variants, altroz features