ഒരു ലക്ഷം യൂണിറ്റ് തികച്ച വാഹനം പൂനെയിലെ പ്ലാന്റിൽ പുറത്തിറക്കിയപ്പോൾ | Photo: Tata Motors Cars
ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള എന്‍ട്രി മുതല്‍ വലിയ സ്വീകാര്യത സ്വന്തമാക്കിയ വാഹനമാണ് ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ അല്‍ട്രോസ്. റെക്കോഡുകള്‍ ഭേദിച്ച് കുതിച്ച ഈ വാഹനം പുതിയ ഉയരങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ ഒരു ലക്ഷം യൂണിറ്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് അല്‍ട്രോസിന്റെ ജൈത്രയാത്രയില്‍ താണ്ടിയിരിക്കുന്ന ഏറ്റവും ഒടുവിലെ നാഴികകല്ലെന്ന് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് അറിയിച്ചു.
ടാറ്റയുടെ പൂണെയിലെ പ്ലാന്റിലാണ് ഒരു ലക്ഷം തികയുന്ന വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കോവിഡ് മാനദണ്ഡം ഇന്ത്യയുടെ വാഹന ലോകത്തെ ഉലച്ചപ്പോഴും കഴിഞ്ഞ 20 മാസത്തിനുള്ളിലാണ് അല്‍ട്രോസ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളതെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള വാഹനങ്ങളെക്കാള്‍ ബുക്കിങ്ങ് ഈ മോഡലിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എണ്ണം ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തിയില്ല.

വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് ടാറ്റ മോട്ടോഴ്സിന് വലിയ നേട്ടം സമ്മാനിച്ച ഉപയോക്താക്കള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും നന്ദി. ടാറ്റയുടെ വാഹനനിരയിലെ അഭിമാന മോഡലായാണ് അല്‍ട്രോസ് നിലകൊള്ളുന്നത്. വലിയ നേട്ടങ്ങളാണ് അല്ട്രോസിലൂടെ ടാറ്റയ്ക്ക് ലഭ്യമായിട്ടുള്ളത്. അല്‍ട്രോസില്‍ നല്‍കിയിട്ടുള്ള ഡിസൈന്‍, സുരക്ഷ, ഫീച്ചറുകള്‍ എന്നിവയെല്ലാം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ സാക്ഷ്യമാണ് ഈ നേട്ടമെന്ന് ടാറ്റ മോട്ടോഴ്സ് മേധാവി അറിയിച്ചു.

2020 ജനുവരിയിലാണ് ടാറ്റ അല്‍ട്രോസ് നിരത്തുകളില്‍ എത്തുന്നത്. ടാറ്റയുടെ അല്ഫ പ്ലാറ്റ്ഫോമില്‍ ഒരുങ്ങുന്ന ആദ്യ മോഡലായാണ് അല്‍ട്രോസ് എത്തിയത്. നിലവില്‍ ടാറ്റയുടെ ബെസ്റ്റ് സെല്ലിങ്ങ് വാഹനങ്ങളില്‍ രണ്ടാമനാണ് ഈ മോഡല്‍. മാരുതി സുസുക്കി ബലേനൊ, ഹ്യുണ്ടായി ഐ20 എന്നി വാഹനങ്ങളുമായാണ് അല്‍ട്രോസ് വിപണിയില്‍ മത്സരിക്കുന്നത്. വില്‍പ്പനയില്‍ ഈ ശ്രേണിയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ട്രോസ് എന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

മൂന്ന് എന്ജിന് ഓപ്ഷനുകളിലായി ആറ് വേരിയന്റുകളിലാണ് അല്‍ട്രോസ് വിപണിയില്‍ എത്തിയിട്ടുള്ളത്. 1.2 റെവോട്രോണ്‍ പെട്രോള്‍ എന്ജിന്, 1.2 ലിറ്റര്‍ ഐ-ടര്‍ബോ പെട്രോള്‍ എന്ജിന്, 1.5 ലിറ്റര്‍ ഡീസല്‍ എന്ജിന് എന്നിവയാണ് അല്‍ട്രോസിന് കരുത്തേകുന്ന എന്‍ജിനുകള്‍. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്. 5.89 ലക്ഷം രൂപ മുതല്‍ 9.60 ലക്ഷം രൂപ വരെയാണ് അല്‍ട്രോസിന്റെ ഡല്‍ഹിയിലെ എക്സ്ഷോറും വില.
Content Highlights: Tata Altroz Achieve 1 Lakh Production Milestone, Tata Altroz, Tata Motors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..