ഹാരിയര്‍, നെക്‌സോണ്‍ വാഹനങ്ങളിലൂടെ എസ്‌യുവി ശ്രേണിയില്‍ ടാറ്റ ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു. ഇതിന് പിന്നാലെ ഹാച്ച്ബാക്ക്‌ ശ്രേണിയിലെ താരമാകാന്‍ 45X എന്ന കോഡ് നമ്പറില്‍ മറ്റൊരു വാഹനവും ഒരുങ്ങുന്നുണ്ട്. ഈ വാഹനത്തെ ആഗോള നിരത്തുകളില്‍ എത്തിക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്.

ഇതിന്റെ ആദ്യ ചുവടുവയ്‌പ്പെന്നോണം ഈ വര്‍ഷം നടക്കുന്ന ജനീവ ഓട്ടോഷോയില്‍ 45X അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ഇന്ത്യയില്‍ 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച ഈ വാഹനം വൈകാതെ തന്നെ നിരത്തുകളില്‍ എത്തുമെന്നാണ് സൂചന.

വാഹനത്തിന്റെ നിര്‍മാണം സംബന്ധിച്ച ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പുറമെ, പലയിടങ്ങളിലായി 45X ഹാച്ച്ബാക്കിന്റെ പരീക്ഷണ ഓട്ടം ചില ഓട്ടോ വെബ്‌സൈറ്റുകളുടെ കണ്ണില്‍പ്പെടുകയും ചെയ്തിരുന്നു. 

Tata 45 X

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചത്. 

ഒട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സില്‍ 1.2 ലിറ്റര്‍ റെവട്രോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്‍ജിനിലുമായിരിക്കും 45x എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 110 ബിഎച്ച്പി പവറും 170 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 110 ബിഎച്ച്പി പവറും 208 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.

മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് 45X-ന്റെ വരവ്. അധികം വൈകാതെ കോഡ് നാമത്തിന് പകരം പുതിയ പേര് നല്‍കി ഈ ഹാച്ച്ബാക്കിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിടും.

Content Highlights: Tata 45X Premium Hatchback To Debut At The 2019 Geneva Motor Show