ക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലെ പ്രധാന ആകര്‍ഷണമായിരുന്നു ടാറ്റ അവതരിപ്പിച്ച പ്രീമിയം ഹാച്ച്ബാക്ക് കണ്‍സെപ്റ്റ് 45X. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ നിരത്തിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് ഓഗസ്റ്റ് വരെ നീളുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

വാഹനത്തിന്റെ നിര്‍മാണം സംബന്ധിച്ച ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയെന്നാണ് വിവരം. ഇതിന് പുറമെ, 45X ഹാച്ച്ബാക്കിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ ചില ഓട്ടോ വെബ്സൈറ്റുകളുടെ കണ്ണില്‍പ്പെടുകയും ചെയ്തിരുന്നു. 

ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചത്. 

Tata 45 X

മെക്കാനിക്കല്‍ ഫീച്ചേഴ്സ് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. സൂചനകള്‍ പ്രകാരം ടാറ്റ നെക്സോണിലെ 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുകള്‍ ഇതില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മാന്വല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ പ്രതീക്ഷിക്കാം. 

മാരുതി ബലേനോ, ഹ്യുണ്ടായി ഐ 20 എന്നീ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് 45X-ന്റെ വരവ്. അധികം വൈകാതെ കോഡ് നാമത്തിന് പകരം പുതിയ പേര് നല്‍കി ഈ ഹാച്ച്ബാക്കിന്റെ ചിത്രങ്ങളും കമ്പനി പുറത്തുവിടും.