ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍ എസ്.യു.വി. കേരളത്തില്‍ വിവാദ വാഹനമാണ്. എന്നാല്‍, അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടില്‍ എത്തുന്നതോടെ ഈ വാഹനത്തിന് ഒരു സൂപ്പര്‍ സ്റ്റാര്‍ പരിവേഷമാണുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്റെ ഔദ്യോഗിക വാഹനമായി ഡിഫന്‍ഡര്‍ എസ്.യു.വി. തിരഞ്ഞെടുത്തതോടെയാണ് കേരളത്തിന്റെ തൊട്ടയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഈ വാഹനത്തിന് വീരപരിവേഷം ലഭിച്ചിട്ടുള്ളത്. 

മുഖ്യമന്ത്രി സ്റ്റാലിന്റെ വാഹന വ്യൂഹനത്തിലേക്ക് രണ്ട് ഡിഫന്‍ഡറാണ് എത്തിയിട്ടുള്ളതെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ റേഞ്ച് റോവര്‍ ഡിഫന്‍ഡറിലാണ് അദ്ദേഹം എത്തിയത്. വെളുത്ത നിറത്തിലുള്ള ഡിഫന്‍ഡര്‍ എസ്.ഇ.110 ആണ് അദ്ദേഹത്തിന്റെ വ്യൂഹത്തിലുള്ള രണ്ട് വാഹനങ്ങളും. ഒന്ന് ഓഗസ്റ്റിലും മറ്റൊന്ന് ഒക്ടോബറിലും രജിസ്റ്റര്‍ ചെയ്തവയാണ്.

ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡറിന്റെ രണ്ട് പതിപ്പുകളും ഒരുങ്ങിയിട്ടുള്ളത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളിലായി ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്. 82.25 ലക്ഷം രൂപ മുതല്‍ 1.22 കോടി രൂപ ഡിഫന്‍ഡര്‍ 110-ന്റെ ഇന്ത്യയിലെ എക്സ്ഷോറും വില.

ഐതിഹാസിക ഡിഫന്‍ഡറിന്റെ ബോക്സി രൂപം നിലനിര്‍ത്തി പുതിയ ഡിസൈന്‍ ശൈലികള്‍ നല്‍കിയാണ് പുതുതലമുറ ഡിഫന്‍ഡര്‍ എസ്.യു.വി ലാന്‍ഡ് റോവര്‍ നിരത്തുകളിലെത്തിക്കുന്നത്. 5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍വേസുമാണ് ഡിഫന്‍ഡറിലുള്ളത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഇതിലുണ്ട്. ടെറൈന്‍ റെസ്‌പോണ്‍സ് സംവിധാനവും ഇതിലെ ഹൈലൈറ്റാണ്. 

3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. 2996 സി.സി. ശേഷിയുള്ള ഈ എന്‍ജിന്‍ 296 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. കേവലം ഏഴ് സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡിഫന്‍ഡര്‍ 110-ന് സാധിക്കും.

Content Highlights: Tamilnadu Chief Minister MK Stalin Add Land Rover Defender To His Vehicle Fleet, MK Stalin, Land Rover Defender