കോവിഡ്-19 കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുഴുവന്‍ ജീവനക്കാരുമായി വാഹന നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കമ്പനികള്‍. റെനോ-നിസാന്‍, ഹ്യുണ്ടായി മോട്ടോര്‍ കമ്പനി, ഫോര്‍ഡ് മോട്ടോര്‍ കമ്പനി എന്നിവയുടെ തമിഴ്‌നാട്ടിലെ പ്ലാന്റുകളാണ് മുഴുവന്‍ ജീവനക്കാരുമായി പ്രവര്‍ത്തനം പുനരാരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ചില വാഹന നിര്‍മാണ ശാലയില്‍ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ആവശ്യപ്പെട്ട് അടുത്തിടെ സമരം നടന്നിരുന്നു.

കയറ്റുമതി ലക്ഷ്യമിട്ടുള്ള വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് 100 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വാഹന നിര്‍മാണ കമ്പനികളുടെ ഈ നീക്കം. ഇന്ത്യയില്‍ കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്. എന്നാല്‍, മേയ് മാസത്തില്‍ പ്രതിദിനം 30,000-ത്തില്‍ അധികം കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഇപ്പോള്‍ ഇത് 8000 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കയറ്റുമതി ചെയ്യുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും, ഇത്തരം കമ്പനികളുടെ വിതരണക്കാര്‍ക്കും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കാമെന്നായിരുന്നു തമിഴ്‌നാട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിര്‍ദേശം. അതേസമയം, വാഹന നിര്‍മാണ ശാലകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തെക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹന പ്ലാന്റുകളില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ-നിസാന്‍ മോട്ടോര്‍ കമ്പനിയുടെ തമിഴ്‌നാട് പ്ലാന്റിലെ ജീവനക്കാരാണ് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള സമൂഹിക അകലം പ്ലാന്റില്‍ സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ ഉത്പാദനം നിര്‍ത്താന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വിലയിരുത്താന്‍ കോടതി നിര്‍ദേശിച്ചതെന്നാണ് സൂചനകള്‍.

ചെന്നൈയിലെ വിവിധ വാഹന നിര്‍മാണ പ്ലാന്റുകളിലെ ജീവനക്കാരായ നൂറു കണക്കിന് ആളുകള്‍ കോവിഡ് പോസിറ്റീവ് ആകുകയും നിരവധി ആളുകള്‍ മരണപ്പെടുകയും ചെയ്‌തെന്ന് കാണിച്ച് റെനോ-നിസാന്‍ കമ്പനിയുടെ പ്ലാന്റില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. ജീവനക്കാരുടെ സമരത്തെയും പ്രതിഷേധത്തെയും തുടര്‍ന്ന് ഫോര്‍ഡിന്റെയും ഹ്യുണ്ടായിയുടെയും പ്ലാന്റുകളിലും വാഹന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Source: ET Auto

Content Highlights: Tamil Nadu Allowed Carmakers To Operate At Full Capacity