സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഹാച്ച്ബാക്കിന്റെ അടിസ്ഥാനത്തില്‍ പുതിയ സ്വിഫ്റ്റ് യെല്ലോ റേവ് കണ്‍സെപ്റ്റ് ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുന്ന 2019 ടോക്യോ ഓട്ടോ സലൂണില്‍ പ്രദര്‍ശിപ്പിച്ചു. യെല്ലോ പേള്‍ നിറത്തിലുള്ള ബോഡിയില്‍ ഗ്രില്‍, ഫോഗ് ലാമ്പ്, മിറര്‍, റൂഫ് എന്നിവയില്‍ ബ്ലാക്ക് നിറം ചാലിച്ചാണ് സ്പോര്‍ട്ട് യെല്ലോ റേവിന്റെ ഡിസൈന്‍. പുറംമോടിയില്‍ ഈ കളര്‍ കോഡിനോട് നീതിപുലര്‍ത്താന്‍ മൂന്ന് പില്ലറും ഗ്ലാസുകളും ബ്ലാക്ക് ഷേഡിലാണ്. 

Swift Sport Yellow Rev Concept

ഭൂരിഭാഗം ഫീച്ചേഴ്‌സും റഗുലര്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന് സമാനമാണെങ്കിലും ചില അഡീഷ്ണല്‍ ഫീച്ചേഴ്‌സ് യെല്ലോ റേവിലുണ്ട്. ഫ്രണ്ട് ബംമ്പറിലും സൈഡ് സ്‌കേര്‍ട്ടിലും എറോ കിറ്റ്‌സുണ്ട്. വൈറ്റ് ആന്‍ഡ് ഗ്രേ ഗ്രാഫിക്‌സ്, സ്‌പോര്‍ട്ടി ഡീകല്‍സ്, മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍ എന്നിവ വശങ്ങളെ വ്യത്യസ്തമാക്കും. സ്‌പെഷ്യല്‍ യെല്ലോ സ്റ്റിച്ചിങിലാണ് സ്‌പോര്‍ട്ട് ബക്കറ്റ്‌ സീറ്റ്. ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റാണ് പിന്നില്‍. സ്‌പോര്‍ട്ടി ബ്ലാക്ക്-യെല്ലോ ഫിനിഷിലാണ് കാബിന്‍. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ളതാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 

ആറ് എസ്ആര്‍എസ് എയര്‍ബാഗ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിങ്, എബിഎസ്, ഇബിഡി, വേവിങ് അലേര്‍ട്ട് ഫങ്ഷന്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ യെല്ലോ റേവിലുണ്ട്. 138 ബിഎച്ച്പി പവറും 230 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് റഗുലര്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിലുള്ളത്. ഇതേ എന്‍ജിനാണ് യെല്ലോ റേവിലുള്ളതെങ്കിലും മികച്ച ഡ്രൈവിങ് അനുഭവം പുതിയ പതിപ്പിലുണ്ടാകും. മണിക്കൂറില്‍ 210 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗം. 8.1 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗവും കൈവരിക്കാം. 

Swift Sport Yellow Rev Concept

Content Highlights; Suzuki Swift Sport Yellow Rev Concept Breaks Cover