വിദേശ നിരത്തുകളില്‍ സജീവ സാന്നിധ്യമായിട്ടും ഇന്ത്യയ്ക്ക് ഇന്നും അന്യമായിട്ടുള്ള മോഡലാണ് സുസുക്കി സ്വിഫ്റ്റ് സ്‌പോട്ട്. ഈ വാഹനം ഇന്ത്യയിലെത്തുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ആഗോള നിരത്തുകള്‍ ഹൈബ്രിഡ് കരുത്തിലുള്ള സ്വിഫ്റ്റ് സ്‌പോട്ട് അവതരിച്ചിരിക്കുകയാണ്. മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവുമാണ് പുതിയ സ്‌പോട്ട് ഉറപ്പുനല്‍കുന്നത്.

1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം 48 വോര്‍ട്ട് സ്റ്റാര്‍ട്ടര്‍ ജനറേറ്ററും ലിഥിയം അയേണ്‍ ബാറ്ററിപാക്കുമാണ് സ്‌പോട്ട് ഹൈബ്രിഡിന് കരുത്തേകുന്നത്. 127 ബിഎച്ച്പി പവറും 234 എന്‍എം ടോര്‍ക്കുമേകുന്ന ഈ വാഹനം 9.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 210 കിലോമീറ്ററാണ് സ്‌പോട്ടിന്റെ പരമാവധി വേഗത. 

വാഹനത്തില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ കാര്യത്തിലാണ് നിര്‍മാതാക്കള്‍ പ്രധാന പരിഗണന നല്‍കിയിട്ടുള്ളത്. ഒരു കിലോമീറ്ററില്‍ 127 ഗ്രാം കാര്‍ബണ്‍ എമിഷനാണ് ഈ വാഹനം ഉണ്ടാക്കുന്നതെന്ന് WLTO സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. മുന്‍ മോഡലില്‍ നിന്ന് ആറ് ശതമാനം അധിക മൈലേജാണ് പുതിയ സ്‌പോട്ടിലുള്ളത്. 21.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി ഉറപ്പുനല്‍കുന്നത്. 

മാരുതിയുടെ സ്വന്തം ഹെര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് സ്വിഫ്റ്റ് സ്‌പോട്ട് ഒരുങ്ങിയിട്ടുള്ളത്. ഡിസൈനില്‍ മുന്‍ മോഡലുകളില്‍ നിന്ന് കാര്യമായ മാറ്റം വരുത്തിയിട്ടില്ല. മാരുതി ഇന്ത്യയിലെത്തിച്ചിട്ടുള്ള പുതുതലമുറ സ്വിഫ്റ്റില്‍ എല്‍ഇഡി ലൈറ്റുകളും സ്‌പോര്‍ട്ടി ഭാവമുള്ള അഞ്ച് സ്‌പോക്ക് അലോയി വീലുകളും, സ്‌കേര്‍ട്ടുകളും ക്ലാഡിങ്ങുകളും നല്‍കിയാണ് എക്‌സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 

ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സ്‌പോര്‍ട്ട് ബാഡ്ജിങ്ങ് സീറ്റുകള്‍, സ്‌പോര്‍ട്ടി അലുമിനിയം പെഡലുകള്‍, ത്രീ സ്‌പോക്ക് സ്റ്റിയറിങ്ങ് വീല്‍, പുതിയ ഡിസൈനിലുള്ള എസി നോബ്, രൂപമാറ്റം വരുത്തിയ ഗിയര്‍ ലിവര്‍, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവയാണ് ഇന്റീരിയറിലുള്ളത്. 

ഹൈബ്രിഡ് കരുത്തിലെത്തുന്ന സ്വിഫ്റ്റ് സ്‌പോട്ടിന്റെ വില സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ഇത് ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഈ വര്‍ഷം ഒടുവിലോടെ സ്വിഫ്റ്റ് സ്‌പോട്ടിനെ ഇന്ത്യയിലേക്ക് പരിഗണിക്കുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ ഓട്ടോഎക്‌സ്‌പോയിലെത്തിയ സ്വിഫ്റ്റ് ഹൈബ്രിഡിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് ഒരുങ്ങുക.

Content Highlights: Suzuki Swift Sport Hybrid To Be Launch In Global Market