മാരുതി സുസുക്കി ലോകത്തിന് സമ്മാനിച്ച ഏറ്റവും സ്‌റ്റൈലിഷ് ഹാച്ച്ബാക്ക് മോഡലാണ് സ്വിഫ്റ്റ്. കാലാനുസൃതമായ ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തി നിരത്തുകളില്‍ തിളങ്ങുന്ന ഈ വാഹനത്തിന്റെ മുഖം മിനുക്കിയ പതിപ്പ് വീണ്ടും അവതരിപ്പിച്ചു. സുസുക്കിയുടെ മാതൃരാജ്യമായ ജപ്പാനിലാണ് ഈ വാഹനം എത്തിയിരിക്കുന്നത്. 

ജപ്പാനില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ ഇന്ത്യയിലേക്കുള്ള പതിപ്പിന്റെ പണിപ്പുരയിലാണ് മാരുതിയെന്നും സൂചനയുണ്ട്. ഇന്ത്യയിലെ വാഹനവിപണിക്ക് ഏറ്റവുമധികം ഉണര്‍വേകുന്ന ഉത്സവ സീസണോടനുബന്ധിച്ച് സ്വിഫ്റ്റിന്റെ 2020 പതിപ്പ് നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

പതിവിന് വിപരീതമായി ഇത്തവണ സുരക്ഷയില്‍ കാര്യക്ഷമത കൈവരിച്ചാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്. സുസുക്കി സേഫ്റ്റി സപ്പോര്‍ട്ട് എന്ന പേരില്‍ ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്ങ്, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്ങ്, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളാണ് നല്‍കിയിട്ടുള്ളത്. 

ഒടുവില്‍ നിരത്തിലെത്തിയ സ്വിഫ്റ്റുമായി സാമ്യമുള്ള ഡിസൈനാണ് ജാപ്പനീസ് നിരത്തിലിറക്കിയ പുതിയ സ്വിഫ്റ്റിലുമുള്ളത്. എന്നാല്‍, ഹണികോംമ്പ് പാറ്റേണിലേക്ക് മാറിയ ഗ്രില്ലും ഹോറിസോണ്ടല്‍ ക്രോം സ്ട്രിപ്പും, സിഗ്നല്‍ സെന്‍സിങ്ങ് ഹെഡ്‌ലാമ്പും പുതിയ ഡിസൈനിലൊരുക്കിയിട്ടുള്ള അലോയി വീലും പുറംവശത്തെ മോടിപിടിപ്പിക്കുന്നു.

അകത്തളത്തിലും എടുത്തുപറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചിട്ടയായി ഒരുങ്ങിയിട്ടുള്ള സെന്റര്‍ കണ്‍സോള്‍, ഇതില്‍ ഇടംപിടിച്ചിരിക്കുന്ന ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, മള്‍ട്ടി ഫങ്ങ്ഷന്‍ ത്രീ സ്‌പോക് സ്റ്റിയറിങ്ങ് വീല്‍ എന്നിവയില്‍ മറ്റമില്ല. എന്നാല്‍, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയതാണ്.

പുറത്തുവന്നിട്ടുള്ള ബ്രോഷര്‍ അനുസരിച്ച് മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, ഫ്‌ളെയിം ഓറഞ്ച് വിത്ത് ബ്ലാക്ക് റൂഫ്, റെഷ് യെല്ലോ വിത്ത് സില്‍വര്‍ റൂഫ് എന്നീ നിറങ്ങളും റെഡ്, ബ്ലൂ നിറങ്ങള്‍ക്കൊപ്പം ബ്ലാക്ക് റൂഫുകളും നല്‍കുന്നുണ്ട്. ആദ്യമായാണ് സ്വിഫ്റ്റ് ഡ്യുവല്‍ ടോണ്‍ ഫിനിഷിങ്ങില്‍ എത്താനൊരുങ്ങുന്നത്. 

1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 89 ബിഎച്ച്പി പവറും 118 എന്‍എം ടോര്‍ക്കുമേകും. ജപ്പാനില്‍ ഇറക്കുന്ന സ്വിഫ്റ്റില്‍ ഹൈബ്രിഡ് മോട്ടോറും നല്‍കിയേക്കും. ഇത് 10 കിലോവാട്ട് കരുത്തും 30 എന്‍എം അധിക ടോര്‍ക്കും നല്‍കും. ഇതിനൊപ്പം ബൂസ്റ്റര്‍ജെറ്റ് എന്‍ജിനില്‍ പെര്‍ഫോമെന്‍സ് പതിപ്പ് എത്തുമെന്നും സൂചനയുണ്ട്.

Content Highlights: Suzuki Swift Facelift Launched In Jappan; Come To India In Festival Season