ന്ത്യയില്‍ മാത്രമല്ല, രാജ്യാന്തര വിപണികളിലും ഏറെ ശ്രദ്ധനേടിയ ഹാച്ച്ബാക്ക് വാഹനമാണ് സുസുക്കിയുടെ സ്വിഫ്റ്റ്. ഇതിന്റെ മൂന്നാം തലമുറ മോഡലാണ് നിലവില്‍ നിരത്തുകളിലുള്ളത്. 2024-ഓടെ സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലും, പെര്‍ഫോമെന്‍സ് പതിപ്പായ സ്വിഫ്റ്റ് സ്‌പോട്ടും എത്തുമെന്നാണ് ഏകദേശം ഉറപ്പായിട്ടുണ്ട്. ഈ മോഡലുകള്‍ക്കൊപ്പം സ്വിഫ്റ്റ് ഫാമിലിയില്‍ നിന്ന് ഒരു മിനി എസ്.യു.വിയും എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ സൂചന.

സുസുക്കി സ്വിഫ്റ്റ് ക്രോസ് എന്ന പേരിലായിരിക്കും ഈ മിനി എസ്.യു.വി. ഒരുങ്ങുക. മാരുതി സുസുക്കി ഇഗ്നീസിനും വിത്താരയ്ക്കും ഇടയിലായിരിക്കും ഈ വാഹനത്തെ ഉള്‍പ്പെടുത്തുന്നത്. വിദേശ നിരത്തുകളില്‍ സ്വിഫ്റ്റ് ക്രോസ് എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച സ്ഥിരീകരണമുണ്ടായില്ല. ഇന്ത്യയില്‍ വിപണിയില്‍ എത്തിയാല്‍ ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ എത്തിച്ച പഞ്ചിന് ഒത്ത എതിരാളിയായിരിക്കും സ്വിഫ്റ്റ് ക്രോസ്.

ആഗോള വിപണിയില്‍ 2024-ഓടെ മാത്രം സ്വിഫ്റ്റ് ക്രോസിനെ പ്രതീക്ഷിച്ചാല്‍ മതിയാകും. വിദേശ നിരത്തുകളിലെ സ്വിഫ്റ്റില്‍ നിന്ന് കടമെടുക്കുന്ന എന്‍ജിനിലും പ്ലാറ്റ്‌ഫോമിലുമായിരിക്കും സ്വിഫ്റ്റ് ക്രോസ് ഒരുങ്ങുന്നത്. അതേസമയം, എസ്.യു.വി. ഭാവം നല്‍കുന്നതിനായി രൂപത്തില്‍ കാര്യമായ മാറ്റം വരുത്തുന്നതിനൊപ്പം ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്നത് റെഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് സ്വിഫ്റ്റ് ക്രോസിനെ വേറിട്ടതാക്കുമെന്നാണ് വിലയിരുത്തലുകള്‍. 

സുസുക്കിയുടെ മറ്റ് വാഹനങ്ങളില്‍ കണ്ടുപരിചയമില്ലാത്ത ഡിസൈനാണ് സ്വിഫ്റ്റ് ക്രോസിന്റെ ഹൈലൈറ്റ്. വീതി കുറഞ്ഞ ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, പ്രൊജക്ഷന്‍ ലൈറ്റും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ് ക്ലെസ്റ്റര്‍, എല്‍.ഇ.ഡിയില്‍ പ്രത്യേകം ലൈറ്റുകളായി നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്, പ്ലാസ്റ്റിക് ക്ലാഡിങ്ങുകള്‍ നല്‍കിയിട്ടുള്ള വലിയ ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവ നല്‍കിയാണ് ഈ വാഹനത്തെ റെഗുലര്‍ സ്വിഫ്റ്റില്‍ നിന്ന് വേറിട്ടതാക്കുന്നത്. 

ഈ വാഹനത്തിലെ അകത്തളവും അതിലെ ഫീച്ചറുകളും സംബന്ധിച്ചുള്ള വെളിപ്പെടുത്തലുകള്‍ നിര്‍മാതാക്കള്‍ നടത്തിയിട്ടില്ല. അതേസമയം, സുസുക്കിയുടെ 48 വാട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഇതില്‍ നല്‍കുകയെന്നാണ് വിവരം. ഇത് 129 ബി.എച്ച്.പി. പവറും 235 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സുസുക്കിയുടെ ഓള്‍ഗ്രിപ്പ് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈ വാഹനത്തില്‍ നല്‍കിയേക്കും.

Content Highlights; Suzuki Swift Cross Mini SUV Launch in 2024, Maruti Suzuki Swift, Swift Hatchback