സുസുക്കി ജിമ്‌നി 4സ്‌പോർട് | Photo: Suzuki Brazil
ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് മാരുതി സുസുക്കി തിരികെ കൊണ്ടുപോയ ജിപ്‌സിക്ക് പകരം നല്‍കാമെന്ന് ഉറപ്പുനല്‍കിയ ജിമ്‌നിക്കായുള്ള കാത്തിരിപ്പ് മാസങ്ങളും വര്‍ഷങ്ങള്‍ കടന്നിരിക്കുകയാണ്. ഇന്ത്യയിലെ വാഹന പ്രേമികള്‍ ഈ വാഹനം എത്തി കാണാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ വാഹനത്തിന്റെ പ്രത്യേക പതിപ്പ് ബ്രസീലിയന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുകയാണ് സുസുക്കി. ജിമ്‌നി ഫോര്‍സ്‌പോര്‍ട് എഡിഷന്‍ എന്ന പേരിലാണ് ഈ വാഹനത്തിന്റെ പ്രത്യേക പതിപ്പ് എത്തിയിരിക്കുന്നത്.
ജിമ്‌നി സിയേറയെ അടിസ്ഥാനമാക്കിയാണ് ജിമ്‌നി 4സ്‌പോര്‍ട് ഒരുങ്ങിയിരിക്കുന്നത്. ഏകദേശം 27.15 ലക്ഷം രൂപ വില വരുന്ന ഈ പ്രത്യേക പതിപ്പിന്റെ 100 യൂണിറ്റ് മാത്രമായിരിക്കും സുസുക്കി വിപണിയില്‍ എത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആഗോള വിപണിയില്‍ സുസുക്കി എത്തിച്ചിട്ടുള്ള ജിമ്‌നിയില്‍ ഏറ്റവും വില കൂടിയ പതിപ്പായിരിക്കും ജിമ്‌നി 4സ്‌പോര്‍ട് മോഡലെന്നാണ് വിലയിരുത്തല്‍. ഓഫ് റോഡ് യാത്രകളെ ലക്ഷ്യമാക്കി നിര്‍മിച്ചിട്ടുള്ള ഈ വാഹനത്തിന്റെ വാട്ടര്‍ വാഡിങ്ങ് കപ്പാസിറ്റി ഉയര്‍ത്തിയിട്ടുണ്ട്.
ഓഫ് റോഡ് വാഹനങ്ങളുടെ ഭാവത്തിലാണ് ജിമ്‌നി 4സ്‌പോര്‍ട് ഒരുങ്ങിയിരിക്കുന്നത്. മുഖഭാവത്തിന് റെഗുലര്‍ മോഡലുമായി സാമ്യമുണ്ടെങ്കിലും എ പില്ലറിന് സമീപം നല്‍കിയിട്ടുള്ള സ്‌നോര്‍കല്‍, പുതിയ ബമ്പര്‍, ബ്ലാക്ക് നിറത്തില്‍ ഒരുങ്ങിയിട്ടുള്ള അലോയി വീല്‍, മസ്‌കുലര്‍ ഭാവം നല്‍കുന്ന വീല്‍ ആര്‍ച്ചും ബോഡി ക്ലാഡിങ്ങും, ഗ്രാഫിക്‌സുകള്‍, 4സ്‌പോര്‍ട്ട് ബാഡ്ജിങ്ങ്, റൂഫ് ക്യാരിയര്‍ എന്നീ ഫീച്ചറുകള്‍ക്കൊപ്പം പുത്തന്‍ നിറത്തിലുമാണ് ജിമ്‌നിയുടെ ഈ കരുത്തന്‍ പതിപ്പ് നിരത്തുകളില്‍ എത്തുന്നത്.
.jpg?$p=3629b64&&q=0.8)
നീല നിറത്തില്‍ തീര്‍ത്തിയിരിക്കുന്ന ടോയിങ്ങ് ഹുക്കുകള്‍, കറുപ്പ് നിറത്തിലെ റൂഫ്, സൈഡ് മോള്‍ഡിങ്ങുകള്‍, മാറ്റ് ബ്ലാക്ക്-ബ്ലാക്ക് നിറങ്ങളില്‍ നല്‍കിയിട്ടുള്ള സ്‌കിഡ് പ്ലേറ്റ്, 4x4 ബാഡിജിങ്ങ്, 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും ഇതില്‍ നല്‍കിയിട്ടുള്ള മഡ്ഡി ടയറുകളും ഈ വാഹനത്തിന്റെ ഓഫ് റോഡ് ശേഷിയുടെ ഉദാഹരണമാണ്. അകത്തളത്തില്‍ സ്റ്റിയറിങ്ങ് വീല്‍, സീറ്റ്, ഗിയര്‍ ലിവര്‍, എ.സി. വെന്റുകള്‍ എന്നിവയില്‍ നല്‍കിയിട്ടുള്ള ബ്ലൂ ആവരണമാണ് പുതുമ നല്‍കുന്നത്.
റെഗുലര്‍ മോഡലില്‍ നിന്ന് മെക്കാനിക്കലായി കാര്യമായ മാറ്റം വരുത്താതെയാണ് 4സ്‌പോര്‍ട് പതിപ്പ് എത്തിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഈ പതിപ്പിലും നല്‍കിയിട്ടുള്ളത്. ഇത് 108 ബി.എച്ച്.പി. പവറും 138 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനൊപ്പം 4x4 ട്രാക്ഷനും നല്‍കിയാണ് 4സ്‌പോര്‍ട് എത്തുന്നത്. അഞ്ച് നിറങ്ങളിലും ഈ വാഹനം നിര്‍മിക്കുമെന്നാണ് വിവരം.
അതേസമയം, 2023-ഓടെ മാരുതി സുസുക്കി ജിമ്‌നി ഇന്ത്യയില്‍ എത്തുമെന്നാണ് സൂചനകള്‍. ജിമ്‌നിയുടെ ഫൈവ് ഡോര്‍ മോഡലായിരിക്കും ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഒരുങ്ങുന്നത്. ആഗോള വിപണിക്കായുള്ള മുഖം മിനുക്കിയ പതിപ്പും ഇന്ത്യക്കായുള്ള ആദ്യ മോഡലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിദേശ നിരത്തുകളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ജിമ്‌നിയുടെ നിര്‍മാണം ഇതിനോടകം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയായിരിക്കും ജിമ്‌നി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.
Content Highlights: Suzuki launch Jimny 4Sport Special edition in Brazil, Maruti Suzuki Jimny


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..