വര്‍ഷം ഇന്ത്യന്‍ വാഹനലോകം ഏറ്റവുമധികം ചര്‍ച്ച ചെയ്തത് മാരുതി സുസുക്കി ജിംനിയെപ്പറ്റി ആയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരുവേള ഈ വര്‍ഷം ഇന്ത്യയിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വരവ് നീളുമെന്നാണ് ഇപ്പോള്‍ വരുന്ന വിവരം. 

എന്നാല്‍, അടുത്ത ദിവസങ്ങളായി ജിംനി ചര്‍ച്ച ചെയ്യപ്പെടാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വാഹനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും പരിശോധിക്കുന്ന യൂറോ എന്‍സിഎപി വിഭാഗം നടത്തിയ ക്രാഷ് ടെസ്റ്റില്‍ ജിംനി അഞ്ചില്‍ മൂന്ന് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിട്ടുണ്ട്. 

വാഹനത്തിന്റെ മുന്‍ ഭാഗത്തുണ്ടായ ഇടിയില്‍ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റിന്റെ 40 ശതമാനവും തകര്‍ന്നു. എന്നാല്‍, ഇരുവശങ്ങളിലുമേറ്റ ഇടിയിലുണ്ടായ ക്ഷതം താരതമ്യേന കുറവാണ്.  ഇത് കണക്കിലെടുത്താണ് എന്‍സിഎപി വാഹത്തിന് മൂന്ന് സ്റ്റാര്‍ റേറ്റിങ് നല്‍കിയത്. 

ഇതിന് പുറമെ, ജിംനിയുടെ ബ്രേക്കിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി കാല്‍നട യാത്രക്കാരെ അടിസ്ഥാനമാക്കി നിരവധി ടെസ്റ്റുകള്‍ നടത്തിയിരുന്നു. ഇതില്‍ മികച്ച പ്രകടനമാണ് ജിംനി കാഴ്ച വെച്ചത്. അതേസമയം, സുരക്ഷ റേറ്റിങ്ങില്‍ നെക്‌സോണ്‍ ജിംനിക്ക് മുന്നിലാണ്.

സുരക്ഷയുടെ കാര്യത്തില്‍ മാരുതി സുസുക്കി ജിംനിയില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ തൃപ്തികരമാണ്. ആറ് ഘട്ടങ്ങളിലായി നടത്തിയ പരിശോധനകളിലും പരീക്ഷണങ്ങളിലും ജിംനി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നെന്നും യൂറോ എന്‍സിഎപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

മാരുതി ജിപ്‌സിയുടെ പിന്മുറക്കാരനെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ എസ്‌യുവിയാണ് ജിംനി. 660 സിസി മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജപ്പാനില്‍ അവതരിപ്പിച്ച ജിംനിയില്‍ നല്‍കിയിരിക്കുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമെത്തുന്നുണ്ട്.

യൂറോപ്യന്‍ വിപണികളില്‍ ഇതിനോടകം എത്തിച്ചിട്ടുള്ള ജിംനി വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 9.02 ലക്ഷം മുതല്‍ 12.49 ലക്ഷം രൂപ വരെയായിരിക്കും ജിംനിയുടെ ഇന്ത്യയിലെ വില.