മിനി എസ്‌യുവി ശ്രേണിയിലെ സുസുക്കി സാന്നിധ്യമായ ജിംനിയെ അടിസ്ഥാനമാക്കി ഓഫ് റോഡ് വാഹനം ഒരുങ്ങുന്നു. ജിംനി സര്‍വൈവ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന്റെ കണ്‍സെപ്റ്റ് 2019 ജനുവരി 11 ജപ്പാനില്‍ ആരംഭിക്കുന്ന ടോക്യോ ഓട്ടോ സലൂണില്‍ പ്രദര്‍ശിപ്പിക്കും. 

ഏത് പ്രതലത്തെയും അതിജീവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡിസൈന്‍ ശൈലിയാണ് സര്‍വൈവില്‍ അവലംബിച്ചിരിക്കുന്നത്. വാഹനത്തെ സുരക്ഷിതമാക്കുന്നതിനായി നാല് വശങ്ങളിലും മെറ്റല്‍ പ്ലേറ്റുകളും ഓഫ് റോഡ് ബമ്പറും സ്‌കിഡ് പ്ലേറ്റിന്റെ സ്ഥാനത്ത് മെറ്റല്‍ പ്ലേറ്റും നല്‍കിയിട്ടുണ്ട്.

ഡുവല്‍ ടോണ്‍ മാറ്റ് ഫിനിഷിങ്ങിലായിരിക്കും സര്‍വൈവ് എത്തുക. ജിംനിയുമായി സാമ്യം തോന്നിക്കുന്ന ഗ്രില്ലുകളും ഗാര്‍ഡ് നല്‍കിയിട്ടുള്ള ഹെഡ്‌ലൈറ്റുമാണ് സര്‍വൈവിലും നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന വീതിയുള്ള ടയറുകളും സര്‍വൈവിന്റെ പ്രത്യേകതയാണ്. 

വാഹനത്തിന്റെ ഇന്റീരിയര്‍ ഫീച്ചേഴ്സും മെക്കാനിക്കല്‍ വിവരങ്ങളും സുസുക്കി പുറത്തുവിട്ടിട്ടില്ല. പ്രദര്‍ശന വേളയില്‍ മാത്രമേ ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, റെഗുലര്‍ ജിംനിയുടെ അതേ എന്‍ജിനായിരിക്കും സര്‍വൈവിലും നല്‍കുകയെന്നും സൂചനയുണ്ട്. 102 ബിഎച്ച്പി പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജിംനിയിലുള്ളത്.

Content Highlights: Suzuki Jimny Survive off-road concept revealed