Image Courtesy: Carfection
ഇന്ത്യന്‍ നിരത്തുകള്‍ക്ക് മാരുതി സുസുക്കി ഉറപ്പുനല്കിയിട്ടുള്ള വാഹനങ്ങളിലൊന്നാണ് ജിംനി എന്ന ഓഫ് റോഡ് മോഡല്‍. സുസുക്കിയുടെ സ്വന്തം നാടായ ജപ്പാനിലും മറ്റ് വിദേശ രാജ്യങ്ങളിലും ഇതിനോടകം സാന്നിധ്യമറിയിച്ചിട്ടുള്ള വാഹനവുമാണ് ജിംനി. എന്നാല്‍, റോഡുകളിലും ഓഫ് റോഡുകളിലും മാത്രമല്ല വെള്ളത്തിലെ യാത്രയും ജിംനിക്ക് വഴങ്ങുമെന്ന് തെളിയുന്നു.
സുസുക്കി യുറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച പഴയതലമുറ ജിംനിയാണ് ദട്ടണ് സര്‍ഫ് എന്ന പേരില്‍ നിരത്തിലും വെള്ളത്തിലും ഓടാന്‍ കഴിയുന്ന വാഹനമായി രൂപാന്തരം പ്രാപിച്ചത്. വാഹനങ്ങളുടെ രൂപമാറ്റവും മറ്റും പരിചയപ്പെടുത്തുന്ന കാര്ഫെക്ഷന് എന്ന യൂട്യൂബ് ചാനലാണ് വെള്ളത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയുന്ന ജിംനിയെ പരിചയപ്പെടുത്തുന്നത്.
ജിംനിയുമായി യാതൊരു രൂപ സാദൃശ്യവുമില്ലാതെയാണ് ദട്ടണ് സര്‍ഫ് ഒരുങ്ങിയിരിക്കുന്നത്. പഴയ ജിംനിയില്‍ ഉപയോഗിച്ചിട്ടുള്ള മെറ്റലുകള്‍ക്ക് പകരം പ്ലാസ്റ്റിക് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാര്‍ട്സുകള്‍ നല്‍കിയാണ് വെള്ളത്തില്‍ ഉയര്‍ന്ന് കിടക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം വാട്ടര്ക്രാഫ്റ്റുകളിലും മറ്റുമുള്ളതിന് സമാനമായ ജെറ്റ് പ്രൊപല്‍ഷന്‍ സംവിധാനവും ഈ വാഹനത്തിനുള്ള നല്‍കിയിട്ടുണ്ട്.
വാഹനത്തിന് വെള്ളത്തില്‍ കുതിപ്പേകുന്ന പ്രൊപ്പല്ലറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള സുരക്ഷ കവചം ഇതില്‍ നല്‍കിയിട്ടുണ്ട്. നിരത്തുകളില്‍ വാഹനത്തെ നിയന്ത്രിക്കുന്ന സ്റ്റിയറിങ്ങ് കൊണ്ടുതന്നെയാണ് വെള്ളത്തിലും നിയന്ത്രിക്കുന്നത്. സാധാരണ ഫോര്‍വീല്‍ സംവിധാനത്തിലേക്ക് മാറ്റുന്ന പാനലിലാണ് വാട്ടര്‍ജെറ്റ് മോഡ് ആക്ടീവ് ചെയ്യുന്നത്.
സാധാരണ ഗിയര്‍ മാറുന്നതുപോലെ തന്നെ ക്ലെച്ച് അമര്‍ത്തിയ ശേഷമാണ് വാട്ടര്‍ജെറ്റ് മോഡിലേക്ക് മാറ്റേണ്ടത്. വാഹനത്തിന്റെ വീലുകള്‍ ഭൂപ്രതലത്തില്‍ നിന്ന് മാറിയാല്‍ ആക്സിലറേറ്ററില്‍ അമര്‍ത്തിയാല്‍ ഈ വാഹനം വെള്ളത്തില്‍ നീങ്ങി തുടങ്ങും. പിന്നീടുള്ള നിയന്ത്രങ്ങളെല്ലാം സ്റ്റിയറിങ്ങിലും ആക്സിലറേറ്റിലുമാണെന്നാണ് ഈ വാഹനം വികസിപ്പിച്ചയാള്‍ അഭിപ്രായപ്പെടുന്നത്.
ടിം ടട്ടണ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വെള്ളത്തിലും കരയിലും ഉപയോഗിക്കാവുന്ന ദട്ടണ് സര്‍ഫ് പോലുള്ള വാഹനങ്ങള്‍ വികസിപ്പിച്ച് നല്‍കുന്നത്. കമ്പനിയുടെ മേധാവിയായ ടീം അദ്ദേഹം വികസിപ്പിച്ച വാഹനവുമായി രണ്ടുതവണ ഇംഗ്ലീഷ് ചാനലില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് യൂട്യൂബ് ചാനലില്‍ പറയുന്നത്.
ഒരു സാധാരണ വാഹനത്തെ വെള്ളത്തിലും കരയിലും സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലേക്ക് രൂപം മാറ്റുന്നതിന് ഏകദേശം 12,190 ഡോളര്‍ (ഇന്ത്യന്‍ പണം ഏകദേശം 9.25 ലക്ഷം രൂപ) ചിലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, രൂപമാറ്റം വരുത്തേണ്ട വാഹനത്തിന്റെ വിലയുമുള്‍പ്പെടെ ഭാരിച്ച ചിലവ് വരുന്ന കാര്യമാണ്.
Source: Carfection
Content Highlights: Suzuki Jimny Modified As Dutton Surf Amphibious Boat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..