ചെറു കണ്‍വേര്‍ട്ടിബിള്‍ ഇലക്ട്രിക് എസ്.യു.വി ഇ-സര്‍വൈവര്‍ കോണ്‍സെപ്റ്റ് മോഡല്‍ സുസുക്കി അവതരിപ്പിച്ചു. നടന്നുകൊണ്ടിരിക്കുന്ന 45-ാംമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കരുത്തുറ്റ ഇ-സര്‍വൈവര്‍ മുഖംകാണിച്ചത്. ഓഫ് റോഡര്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളില്‍  ഞെട്ടിക്കുന്ന രൂപം കൈവശപ്പെടുത്തിയാണ് സുസുക്കി ഇ-സര്‍വൈവറിന്റെ വരവ്. പൂര്‍ണമായും ഇലക്ട്രിക് കരുത്തിലാണ് കോണ്‍സപ്റ്റ് മോഡല്‍ നിര്‍മിച്ചത്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാലം മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍ പൂര്‍ത്തീകരിച്ചത്. 

തൊണ്ണൂറുകളില്‍ സുസുക്കിയുടെ താരരാജാക്കന്‍മാരായിരുന്ന X90, ജിംനി, വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ രൂപകല്‍പന.  ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക് വ്യത്യസ്തമായ അകത്തളം എന്നിവ ഇ-സര്‍വൈവറിനെ വ്യത്യസ്തനാക്കും. രണ്ടു പേര്‍ക്ക് മാത്രമേ ഈ ഓപ്പണ്‍ റൂഫ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കു. ഭാരം വളരെ കുറഞ്ഞ മോഡലാണ്  ഇ-സര്‍വൈവറെന്നാണ് കമ്പനി പറയുന്നത്. ഇതുവഴി പെര്‍ഫോമെന്‍സ് വര്‍ധിപ്പിക്കാന്‍ സാധിക്കും. 

e Survivor
Courtesy; Motor1.com

റിയര്‍വ്യൂ മിററിന് പകരം ക്യാമറകള്‍ നിരത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ഡ്രൈവറുടെ മുന്നിലെത്തിക്കും. നാലു വീലിലേക്കും ഒരുപോലെ ഊര്‍ജമെത്തിക്കാന്‍ ഇലക്ട്രിക് മോട്ടോറിന് സാധിക്കും. വരാനിരിക്കുന്ന പുതുതലമുറ ജിംനിക്ക് സമാനമായി ലാഡര്‍ ഫ്രെയിമിലാണ് വാഹനത്തിന്റെ നിര്‍മാണം. 2020-ല്‍ കമ്പനിയുടെ നൂറാം വാര്‍ഷികാഘോഷ വേളയില്‍ ഇ-സര്‍വൈവര്‍ പ്രൊഡക്ഷന്‍ സ്പെക്കിന്റെ നിര്‍മാണം ആരംഭിക്കുക. അതിനാല്‍ ബിഎംഡബ്യു വിഷന്‍ 100 കോണ്‍സെപ്റ്റിന് സമാനമായി സുസുക്കിയുടെ നൂറാം വാര്‍ഷിക സ്പെഷ്യല്‍ പതിപ്പായി ഇ-സര്‍വൈര്‍ പുറത്തിറക്കിയേക്കും.