ന്ത്യയില്‍ ഏറ്റവുമധികം സ്വാധീനമുള്ള വാഹന നിര്‍മാതാക്കള്‍ ആയിരുന്നിട്ട് കൂടി വൈദ്യുതി വാഹനങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു മാരുതി സുസുക്കി. എന്നാല്‍, വൈദ്യുത വാഹനങ്ങള്‍ സംബന്ധിച്ച മാരുതിയുടെ മൗനത്തിന് അവസാനം കുറിച്ച് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനം പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതിയുമായി സഹകരിക്കുന്ന ജാപ്പനീസ് വാഹന നിര്‍മാതാക്കളായ സുസുക്കി.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കീഴില്‍ ഇന്ത്യയില്‍ ആയിരിക്കും സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സുസുക്കിയുടെ ഇന്ത്യയിലെ സ്വാധീനം കണക്കിലെടുത്താണ് ഈ തീരുമാനം. ഇന്ത്യയിലെ അവതരണത്തിന് പിന്നാലെ തന്നെ സുസുക്കിയുടെ ജന്മനാടായ ജപ്പാനിലും പിന്നീട് യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ഇലക്ട്രിക് വാഹനം എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കോംപാക്ട് വാഹന ശ്രേണിയിലായിരിക്കും ആദ്യ ഇലക്ട്രിക് വാഹനം എത്തുകയെന്നാണ് വിവരം. നിലവില്‍ വിപണിയില്‍ ലഭ്യമായ ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിലയില്‍ ഈ വാഹനം വില്‍പ്പനയ്ക്ക് എത്തുമെന്നാണ് അറിയുന്നത്. 13,700 ഡോളറാണ് (10.19 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന വില. ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി കുറച്ച് 10 ലക്ഷത്തില്‍ താഴെ ഈ വാഹനം ലഭ്യമാക്കും.

പ്രതിവര്‍ഷം 30 ലക്ഷത്തോളം വാഹനങ്ങള്‍ വില്‍ക്കുന്ന ഇന്ത്യന്‍ വാഹന വിപണിയില്‍ ഇലക്ട്രിക്കിന്റെ സ്വാധീനം വളരെ ചെറുതാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ 2030-ഓടെ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളുടെ 30 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളാക്കാനുള്ള ശ്രമങ്ങളും രാജ്യം നടത്തുന്നണ്ട്. ഇതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇലക്ട്രിക് വാഹന നയം പ്രഖ്യാപിക്കുകയും ആനുകൂല്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നുണ്ട്.

വാഗണ്‍ആറിന്റെ ഇലക്ട്രിക് മോഡലായിരിക്കും മാരുതി ഇന്ത്യയില്‍ എത്തിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഇതിനുപിന്നാലെ ഈ വാഹനം പലതവണയായി പരീക്ഷണയോട്ടം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇലക്ട്രിക് വാഹനം എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് അപര്യാപ്തമാണെന്നായിരുന്നു മാരുതിയുടെ വിലയിരുത്തല്‍.

Content Highlights: Suzuki Announce Electric Car For India