കുപ്പിയും പാട്ടയും പോലുള്ള പാഴ്‌വസ്തുകള്‍ ഉപയോഗിച്ച് ഒരു വാഹനം നിര്‍മിക്കാന്‍ കഴിയുമോ..? അതും സ്‌പോര്‍ട്‌സ് കാറുകളെ പോലും തോല്‍പ്പിക്കുന്ന സ്റ്റൈലിലുള്ള ഇലക്ട്രിക് കാര്‍. സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍. എന്നാല്‍, ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത് ഇന്ത്യയിലല്ല, നെതര്‍ലാന്‍ഡ്‌സിലെ വിദ്യാര്‍ഥികളാണ്.
മഞ്ഞ നിറത്തില്‍ സ്‌പോര്‍ട്‌സ് കാറിന്റെ രൂപഭംഗിയിലാണ് ഈ കാര്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ കാറിന് നിര്‍മാതാക്കളായ ഡച്ച് വിദ്യാര്‍ഥികള്‍ ഒരു കിടിലന്‍ പേരും നല്‍കി 'ലൂക്ക'. പൂര്‍ണമായും പാഴ്‌വസ്തുകളില്‍ നിന്ന് ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഒരു അദ്ഭുതമാണെന്നാണ് കാര്‍ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.
പരമ്പരാഗത ഇന്ധനങ്ങളില്‍ നിന്ന് മാറി ഇലക്ട്രിക് കരുത്താണ് ഈ കാറിന് കുതിപ്പേകുന്നത്. പാഴ്‌വസ്തുക്കളാണ് അടിസ്ഥാനം എന്ന് കരുതി ഈ വാഹനത്തെ കുറച്ച് കാണേണ്ടതില്ല. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ലൂക്കയ്ക്ക് സാധിക്കും. ഇതിനൊപ്പം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 220 കിലോമീറ്റര്‍ യാത്ര ചെയ്യാനും സാധിക്കും.
വാഹനം നിര്‍മിക്കാന്‍ ഉപയോഗിച്ച പാഴ്‌വസ്തുക്കള്‍ എന്തെല്ലാമാണെന്നതാണ് ഏറ്റവും കൗതുകം. കടലില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പ്ലാസ്റ്റിക് കുപ്പികള്‍, വീടുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടങ്ങിയവയിലാണ് ഈ വാഹനത്തിന്റെ ബോഡി ഒരുങ്ങിയിട്ടുള്ളത്. വാഹനത്തിന്റെ ഷാസി ഫാളാക്‌സ്, കുപ്പി എന്നിവയിലാണ് നിര്‍മിച്ചിട്ടുള്ളത്.
വാഹനത്തിന്റെ അകത്തളത്തില്‍ വീടുകളില്‍ നിന്നുള്ള പാഴ്വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിലെ കട്ടിയുള്ള ഭാഗങ്ങള്‍ പഴയ ടി.വിയിലെ ഹാര്‍ഡ് പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഒരുക്കിയിട്ടുള്ളത്. കുതിരയുടെ രോമവും തേങ്ങയുടെ ചകിരി നാരുകളും ഉപയോഗിച്ചാണ് ഇതിനുള്ളിലെ രണ്ട് സീറ്റുകള്‍ നിര്‍മിച്ചിട്ടുള്ളത്.
22 വിദ്യാര്‍ഥികളുടെ 18 മാസത്തെ അധ്വാനത്തിന്റെ ഫലമായാണ് സ്റ്റൈലിഷ് ലുക്കിലുള്ള ലൂക്ക എന്ന കാര്‍ ഒരുങ്ങിയിട്ടുള്ളത്. പ്ലാസ്റ്റിക്ക് പോലുള്ള പാഴ്‌വസ്തുകള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ തെളിയിച്ചിരിക്കുന്നത് ആശാവഹമാണെന്നാണ് വിലയിരുത്തലുകള്‍.
Source: Reuters
Content Highlights: Students Make Electric Cars In Wates