ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുങ്ങുന്ന ഇന്ത്യന്‍ നിരത്തുകളിലേക്ക് ഏറ്റവും വില കുറവുള്ള ഇലക്ട്രിക് കാറുമായി സ്‌ട്രോം. 2018-ല്‍ പ്രദര്‍ശിപ്പിച്ച സ്‌ട്രോം ആര്‍3 എന്ന എന്‍ട്രി ലെവല്‍ ഇലക്ട്രിക് കാറിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 10,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ബുക്കിങ്ങ് സ്വീകരിക്കുന്ന ഈ വാഹനത്തിന് അഞ്ച് ലക്ഷം രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് സൂചനകള്‍.
ടൂ ഡോര്‍, ത്രീ വീലര്‍ ഇലക്ട്രിക് കാറായാണ് സ്‌ട്രോം ആര്‍3 ഇന്ത്യയില്‍ എത്തുന്നത്. മുന്നില്‍ രണ്ട് ടയറും പിന്നില്‍ ഒന്നുമാണ് നല്‍കിയിട്ടുള്ളത്. പ്രധാനമായി നഗരങ്ങളിലെ യാത്രകളെ ഉദേശിച്ചാണ് ഈ ഇലക്ട്രിക് കാര്‍ ഒരുക്കിയിട്ടുള്ളതെന്നാണ് വിലയിരുത്തലുകള്‍. 2907 എം.എം. നീളം, 1405 എം.എം.വീതി, 1572 എം.എം. ഉയരും എന്നിങ്ങനെയാണ് ഇതിന്റെ അളവുകള്‍.
ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയാണ് ആര്‍3 ഇലക്ട്രിക് കാര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റൈലിഷായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗ്രില്ല്, വലിപ്പമുള്ള മുന്നിലെ ബമ്പര്‍, എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ലൈറ്റുകള്‍, ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍, ബ്ലാക്ക് റിയര്‍വ്യൂ മിറര്‍, റിയര്‍ സ്‌പോയിലര്‍, സണ്‍റൂഫ് എന്നിവ നല്‍കിയാണ് എക്സ്റ്റീരിയറിലെ ആകര്‍ഷകമാക്കിയിട്ടുള്ളത്.
രണ്ട് സീറ്റുകളാണ് അകത്തളത്തില്‍ ഒരുക്കിയിട്ടുള്ളത്. ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 4.3 ഇഞ്ചുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോട്ട് കീലെസ് എന്‍ട്രി, 20 ജി.ബി. ഓണ്‍ബോര്‍ഡ് മ്യൂസിക് സ്‌റ്റോറേജ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, 4ജി കണക്ടിവിറ്റി സംവിധാനം തുടങ്ങിയവ ഇന്റീരിയറില്‍ ഒരുക്കിയിട്ടുണ്ട്.
ലിഥിയം അയേണ്‍ ബാറ്ററിക്കൊപ്പം 20 ബി.എച്ച്.പി. പവറും 90 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും ആര്‍3-യില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡലുകള്‍ ഇതില്‍ നല്‍കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പു നല്‍കുന്നത്.
Content Highlights: Strom R3 Electric Car All Set To Launch In India; Booking Opens