രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. പ്രാരംഭഘട്ടമായതിനാല്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് കാറുകള്‍ നിരത്തിലെത്തിക്കുക എന്നത് നിര്‍മാതാക്കളെ സംബന്ധിച്ച് അല്‍പം പ്രയാസകരമാണ്. എന്നാല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌ട്രോം മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ സ്‌ട്രോം R3 യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. 

Storm R3

മുചക്ര ടൂ ഡോര്‍ ഇലക്ട്രിക് കാറാണ് സ്‌ട്രോം ആര്‍ 3. രണ്ട് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ഈ വര്‍ഷം അവസാനത്തോടെ സ്‌ട്രോം ആര്‍ 3 നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കാം. മുംബൈ, ഡല്‍ഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ട്രാഫിക്കിന് അനുയോജ്യമായാണ് സ്‌ട്രോം ആര്‍ 3-യുടെ ഡിസൈനും നിര്‍മാണവും. വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. മുപ്പതിനടുത്ത് ബുക്കിങ് ഇതിനോടകം ലഭിച്ചതായി സ്‌ട്രോം മോട്ടോഴ്‌സ് അവകാശപ്പെട്ടു.

പ്യുവര്‍, കറണ്ട്, ബോള്‍ട്ട് എന്നീ മൂന്ന് വകഭേദങ്ങളുണ്ട് ഇതിന്. മൂന്ന് ലക്ഷം രൂപയാണ് വില. പ്യുവര്‍, കറണ്ട് മോഡല്‍ ഒറ്റ ചാര്‍ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ നിഷ്പ്രയാസം പിന്നിടും. ഉയര്‍ന്ന വകഭേദമായ ആര്‍ 3 ബോള്‍ട്ട് ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം പിന്നിടും. 48 എന്‍എം ടോര്‍ക്കേകുന്ന 13kW മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുക. ഇന്റഗ്രേറ്റഡ് സിംഗില്‍ സ്പീഡ് പ്ലാനറ്ററി ഗിയര്‍ബോക്‌സാണിതിന്.

Storm R3

നോര്‍മല്‍ ചാര്‍ജര്‍ ഉപയോഗിച്ച് 6-8 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതിവേഗ ചാര്‍ജറാണെങ്കില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 2907 എംഎം നീളവും 1450 എംഎം വീതിയും 1572 എംഎം ഉയരവും 2012 എംഎം വീല്‍ബേസുമാണ് സ്‌ട്രോം ആര്‍ 3-ക്കുള്ളത്. ആകെ 450 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. ഹൈ സ്‌ട്രെങ്ത്ത് സ്‌പേസ്-ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം.

പിന്‍ഭാഗം പതിവ് കാറുകളില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമാണ്. പിന്നില്‍ 17 ഇഞ്ചിന്റെ ഒരു ചക്രം മാത്രമാണുള്ളത്. മസ്‌കുലാര്‍ ഫ്രണ്ട് ബംബര്‍, എല്‍ഇഡി ലൈറ്റ്, സണ്‍റൂഫോടുകൂടിയ മേല്‍ക്കൂര, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിമോട്ട് കീ ലെസ് എന്‍ട്രി, റിമോട്ട് അസിസ്റ്റഡ് പാര്‍ക്കിങ് സിസ്റ്റം എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. 

Storm R3

Content Highlights; Storm R3, The cheapest Electric Car in India

Photos; pluginindia