ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കാറുകളുടെ സൈലന്‍സര്‍ മാത്രം മോഷ്ടിക്കുന്ന കേസുകള്‍ കൂടുന്നു. മാരുതി ഈക്കോ വാനുകളുടെ സൈലന്‍സറുകളാണ് മോഷണം പോകുന്നതില്‍ അധികവും. മഹാരാഷ്ട്രയിലെ താനെയില്‍നിന്ന് കഴിഞ്ഞദിവസം മാരുതി ഈക്കോയുടെ 25 സൈലന്‍സറുകളുമായി നാലംഗസംഘം പിടിയിലായതാണ് അവസാനത്തെ സംഭവം.

കുര്‍ളയില്‍നിന്നുള്ള ഷംസുദ്ദീന്‍ഖാന്‍ (22), ഷംസുദ്ദീന്‍ ഷാ (21), സദ്ദാംഖാന്‍ (26), നദീം ഖുറേഷി (21) എന്നിവരാണ് കഴിഞ്ഞ വെള്ളിയാഴ്ച പിടിയിലായത്. ജൂണ്‍ ആറിന് താനെ സ്വദേശി റോഷ്‌നി റൗത്ത് അവരുടെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഈക്കോ കാറിന്റെ സൈലന്‍സര്‍ മോഷണം പോയതായി കല്‍വ പോലീസില്‍ പരാതി നല്‍കി. ഇതിലുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്. 

പിടിച്ചെടുത്ത 25 സൈലന്‍സറുകള്‍ക്ക് ഏകദേശം 6.5 ലക്ഷംരൂപ വില വരുമെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഈ വാഹനമാണ്. ഇതിന്റെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സാണ് പ്രധാന കാരണം. എളുപ്പത്തില്‍ അടിയില്‍ കയറി ഏതാനും ബോള്‍ട്ടുകള്‍ അഴിച്ചാല്‍ സൈലന്‍സറുമായി പോകാം. സൈലന്‍സര്‍ അഴിച്ച് അതിലെ വിലകൂടിയ ലോഹങ്ങള്‍ വേര്‍തിരിക്കാനും താരതമ്യേന എളുപ്പമാണെന്നതാണ് ഈ വാഹനത്തെ മോഷ്ടാക്കള്‍ക്ക് പ്രിയങ്കരമാക്കുന്നതെന്ന് പോലീസ് പറയുന്നു.

സൈലന്‍സര്‍ മാത്രം എന്തിന്?

പരാതി ലഭിക്കുമ്പോള്‍ പോലീസിനുള്ള സംശയവും ഇതുതന്നെയായിരുന്നു. എന്തിന് സൈലന്‍സര്‍ മാത്രം? മലിനീകരണനിയന്ത്രണ നിയമപ്രകാരം വാഹനങ്ങളുടെ സൈലന്‍സറുകളില്‍ വിഷവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ കാറ്റലിസ്റ്റ് കണ്‍വെര്‍ട്ടര്‍ ഉണ്ടായിരിക്കണം. പുറത്തേക്കുപോകുന്ന പുകയിലെ വിഷവാതകങ്ങളെ ദോഷം കുറഞ്ഞ വാതകങ്ങളാക്കി മാറ്റുന്നതിനാണിത്. 

ഇത്തരം കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളായി പ്ലാറ്റിനം, റോഡിയം, പല്ലേഡിയം പോലുള്ള വിലകൂടിയ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്. കുര്‍ളയില്‍നിന്ന് പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിനും കാര്യം മനസ്സിലായതെന്ന് സോണ്‍ വണ്‍ ഡി.സി.പി. അവിനാഷ് അംബൂരെ പറഞ്ഞു. പുതിയ വാഹനങ്ങളില്‍ ഈ ലോഹങ്ങളുടെ അളവ് കൂടുതലാണ്. ഗ്രാമിന് 3000 മുതല്‍ 3500 രൂപവരെ ഇതിന് വിലയുണ്ട്.

Content Highlights: Stealing Car Silencer To Take Catalytic Converter, Mumbai Police