ആനന്ദ് മഹീന്ദ്രയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച മാപ്പും | Photo: AP Photo/Twitter
ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാഹന വിപണികളില്‍ ഒന്ന് ഇന്ത്യയാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി വാഹന നിര്‍മാതാക്കളാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തില്‍ തന്നെ പല ശ്രേണികളിലായി ഒന്നിലധികം മോഡലുകളാണ് ഓരോ വാഹന നിര്‍മാതാക്കളും അവതരിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യയിലെ വാഹന ഉടമകളുടെയും എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തുവിട്ട ചാര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 7.5 ശതമാനം വീടുകളിലാണ് കാറുകള്‍ ഉള്ളത്. അതായത് 12 പേരെ എടുത്താന്‍ അതില്‍ ഒരാള്‍ക്ക് കാര്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉടമകളുള്ളത് ഗോവയിലാണെന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. ഇവിടെയുള്ള 45.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളുള്ള വീടുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. 24.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് സര്‍വേയില്‍ പറയുന്നത്. ജമ്മു-കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും 20 ശതമാനത്തില്‍ അധികം ആളുകള്‍ കാറുടമകളാണ്.
അഞ്ച് സംസ്ഥാനങ്ങളില്‍ 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ് കാറുടമകളുടെ എണ്ണം. മിസോറാമില്‍ 15.5 ശതമാനവും, ഹരിയാനയില്‍ 15.3 ശതമാനവും മേഘാലയ 12.9, ഉത്താരാഘണ്ഡ് 12.7 ശതമാനവും ഗുജറാത്തില്‍ 10.9 ശതമാവും വീടുകളിലാണ് കാറുള്ളതെന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ച് ശതമാനത്തിലും പത്ത് ശതമാനത്തിലും ഇടയിലാണ് കാറുടമകളുടെ എണ്ണം.
കാറുകളുടെ എണ്ണത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് നാല് സംസ്ഥാനങ്ങളാണ്. ആന്ധ്രാപ്രദേശ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2.8 ശതമാനം വീടുകളില്‍ മാത്രമാണ് കാറുകളുള്ളതെങ്കില്‍ ഒഡീഷയില്‍ ഇത 2.7 ശതമാനവും ബീഹാറില്‍ രണ്ട് ശതമാനവുമാണ്. ഈ ഗ്രാഫ് എന്നില്‍ ഏറെ ആകാഷ ഉണ്ടാക്കിയെന്നും, നിങ്ങളുടെ നിഗമനമെന്താണെന്നുമുള്ള കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഗ്രാഫ് ട്വിറ്ററില്‍ പങ്കുവെച്ചത്.
Content Highlights: State wise car ownership per household, Anand Mahindra, National family health survey
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..