സൺറൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്തപ്പോൾ ഉണ്ടായ അപകടം | Photo: Youtube/Latest Car Update
പുതുതലമുറ കാറുകളിലെ സുപ്രധാന ഫീച്ചറുകളിലൊന്നാണ് സണ്‍റൂഫ്. കാറ്റും വെളിച്ചവും വാഹനത്തിനുള്ളില്‍ എത്തിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ഉദേശമെങ്കിലും ഭൂരിഭാഗം ആളുകളും സണ്‍റൂഫ് ഉപയോഗിക്കുന്ന തല വാഹനത്തിന് പുറത്തേക്ക് ഇട്ട് കാഴ്ച കാണുന്നതിനായാണ്. കുട്ടികളും മറ്റും സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുന്ന കാഴ്ച നിരത്തുകളില്‍ നിത്യ സംഭവമാണ്. ഇത്തരത്തിലുള്ള യാത്രകള്‍ സുരക്ഷിതമാണോയെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കിയ കാര്‍ണിവല്‍ വാഹനമാണ് വീഡിയോയില്‍ കാണുന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ സണ്‍റൂഫ് തുറന്ന് അതിലൂടെ തല പുറത്തിട്ടാണ് ഇരിക്കുന്നത്. ഭയങ്കരമായി ആഘോഷിച്ചാണ് യാത്രയെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. എന്നാല്‍, വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഈ രണ്ടുപേരില്‍ ഒരാള്‍ മുന്നിലേക്ക് മറിയുകയും അയാളുടെ മൂക്ക് വാഹനത്തിന്റെ റൂഫില്‍ ശക്തമായി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍ സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍.
ലേറ്റസ്റ്റ് കാര്‍ അപ്ഡേറ്റ്സ് എന്ന യൂട്യൂബ് ചാനലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഒരു തമാശ രൂപേണയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതെങ്കിലും ഇത് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. സണ്‍റൂഫിലൂടെ തലയിട്ട് പുറത്തെ കാഴ്ച കാണുന്നതിനിടെ പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ സംഭവിച്ചേക്കാവുന്ന അപകടത്തിലേക്കാണ് ഈ വീഡിയോ വിരല്‍ ചൂണ്ടുന്നത്. സണ്‍റൂഫിലൂടെ തല പുറത്തിടുന്നതിന് പല സംസ്ഥാനങ്ങളിലും ഇതിനോടകം പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്.
സണ്‍റൂഫ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അരുതേ അപകടത്തിന്റെ ഈ ആകാശ കാഴ്ചകള്‍ എന്ന തലക്കെട്ടില്‍ മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷാ പ്രശ്നത്തിന് പുറമെ, കുറഞ്ഞ വേഗത്തില്‍ പോകുമ്പോള്‍ കാറില്‍ ശുദ്ധവായു കയറുന്നതിനും മഞ്ഞുള്ളപ്പോള്‍ കാഴ്ചഭംഗിക്കും സണ്‍റൂഫ് സഹായകരമാണെങ്കിലും വേഗം കൂടിയ യാത്രകളില്‍ വാഹനത്തിന്റെ എയ്റോ ഡൈനാമിക്സില്‍ മാറ്റമുണ്ടാകുന്നതു മൂലം ഇന്ധനക്ഷമത കുറയും.
മോട്ടോര്‍ വാഹന വകുപ്പ് പങ്കുവെച്ച കുറിപ്പ്
സണ്‍റൂഫ് ഉള്ള വാഹനങ്ങളില്‍ പുറത്തെ കാഴ്ചകള്‍ കാണുന്നതിനായി ഒന്നിലധികം കുട്ടികളെ വരെ സീറ്റില്‍ കയറ്റി നിര്‍ത്തിക്കൊണ്ട് വാഹനം ഓടിച്ചു പോകുന്ന കാഴ്ചകള്‍ നമ്മുടെ നിരത്തുകളില്‍ കാണാറുണ്ട് തീര്‍ത്തും അപകടം നിറഞ്ഞ ഒന്നാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തി.
വാഹനം ആടി ഉലയുമ്പോഴോ പെട്ടെന്ന് ബ്രേക്ക് ഇടുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ച് പോകുകയും ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാന്‍ ഉള്ള സാധ്യത വളരെ കൂടുതലാണ് .തെറിച്ചു പോയില്ലെങ്കില്‍ കൂടി ബ്രേക്കിംഗ് സമയത്ത് കുട്ടികളുടെ കഴുത്തോ നെഞ്ചോ അതിശക്തിയായി റൂഫ് എഡ്ജില്‍ ഇടിക്കുകയും ഗുരുതരമായ പരിക്ക് സംഭവിക്കുന്നതിനും ഇടയാക്കും.
മോട്ടോര്‍ വാഹന നിയമം 194 (B) പ്രകാരം 14 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സീറ്റ് ബെല്‍റ്റും 14 വയസ്സിന് താഴെയാണ് പ്രായം എങ്കില്‍ സീറ്റ് ബെല്‍റ്റോ ചൈല്‍ഡ് റീസ്ട്രെയിന്റ് സിസ്റ്റമോ ഒരു കാറില്‍ സഞ്ചരിക്കുന്ന സമയത്ത് നിര്‍ബന്ധമായും ധരിക്കേണ്ടതുമാണ്. ചെറിയ വേഗതയില്‍ കാറില്‍ ശബ്ദശല്യമില്ലാതെ തന്നെ ശുദ്ധവായു സഞ്ചാരം ഉറപ്പുവരുത്തുന്നതിനും ചെറിയ മഴയോ മഞ്ഞോ ഉള്ള സന്ദര്‍ഭത്തില്‍ കാഴ്ച ഭംഗിക്കും സണ്‍റൂഫ് സഹായകരമാണ്.
നല്ല വെയിലുള്ളപ്പോഴും തിരക്കും, പൊടിയുംപുകയും നിറഞ്ഞ നഗര വീഥികളിലും ഇതിന്റെ ഉപയോഗം തുലോം കുറവാണ്. മാത്രവുമല്ല വേഗത കൂടിയ യാത്രകളില്‍ വാഹനത്തിന്റെ എയ്റോ ഡൈനാമിക്സില്‍ ഉണ്ടാകുന്ന മാറ്റം മൂലം അധിക ഇന്ധന നഷ്ടത്തിനും ഇത് കാരണമാകും...
ആഹ്ളാദകരമായ യാത്രകളില്‍ പക്വതയില്ലാത്ത കുഞ്ഞുങ്ങളുടെ നിര്‍ബന്ധം മൂലം ഇത്തരത്തിലുള്ള അപകടകരമായ പ്രവര്‍ത്തികള്‍ തടയേണ്ടത് ഉത്തരവാദിത്വമുള്ള രക്ഷിതാക്കളുടെ കടമയാണ് .... കണ്ണീരണിയാതിരിക്കട്ടെ കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകള്‍.
Content Highlights: Standing out of a sunroof in a moving car is dangerous, safety directions about sunroof in cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..