ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത് 2000 കോടിയിലേക്ക് മുന്നേറുകയാണ്. ഈ ഗംഭീര വിജയത്തിന് പിന്നാലെ മറ്റൊരു സൂപ്പര്‍ താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ബാഹുബലി സംവിധായകന്‍ എസ്.എസ്. രാജമൗലി. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന്റെ ഒന്നേകാല്‍ക്കോടി വില മതിക്കുന്ന ലക്ഷ്വറി സെലൂണായ സെവന്‍ സീരീസാണ് രാജമൗലി സ്വന്തമാക്കിയത്. 

ജര്‍മന്‍ നിര്‍മാതാക്കളായ ഔഡിയുടെ ആഡംബരക്കാറും രാജമൗലിയുടെ ഗാരേജില്‍ നേരത്തെ ഇടംപിടിച്ചിരുന്നു. നിലവില്‍ ബിഎംഡബ്യു നിരയിലെ മികച്ച പെര്‍ഫോമെന്‍സ് കാറാണ് സെവന്‍ സീരീസ്. പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങളില്‍ വാഹനം വിപണിയിലുണ്ട്. 3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 262 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമേകും. 4.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 450 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കുമാണ് നല്‍കുക.