സനത് ജയസൂര്യ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം | Photo: Facebook/Sanath Jayasuriya
ശ്രീലങ്കയെ ലോക കിരീടം ചൂടിക്കുന്നതില്‍ നിര്‍ണാകമായത് ബാറ്റിങ് നെടുംതൂണായ സനത് ജയസൂര്യയുടെ ഇന്നിങ്‌സുകളാണ്. മാന്‍ ഓഫ് ദ സീരീസായി തിരഞ്ഞെടുക്കപ്പെട്ടതിന് സമ്മാനമായി ലഭിച്ച ഒരു വാഹനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരമായി വിലസുന്നത്.
1996 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ മാന്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീലങ്കന്‍ ബാറ്റിങ്ങ് ഇതിഹാസമായ സനത് ജയസൂര്യയാണ്. ലോകകപ്പിലെ പ്രകടനത്തിനുള്ള സമ്മാനമായി ഔഡിയുടെ എ4 സെഡാന്റെ ആദ്യ തലമുറ മോഡലാണ് ലഭിച്ചിരുന്നത്. ചുവപ്പ് നിറത്തിലുള്ള ഔഡിയുടെ ഈ പുതിയ വാഹനത്തിന് സമീപം അദ്ദേഹം നില്‍ക്കുന്നതിന്റെ ചിത്രം സനത് ജയസൂര്യ തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
27 വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഇപ്പോഴും ഈ വാഹനം തലയെടുപ്പോടെ നില്‍ക്കുന്നുണ്ടെന്നതാണ് കൗതുകം. ഗോള്‍ഡന്‍ മെമ്മറീസ്, 1996 വേള്‍ഡ് കപ്പിലെ മാന്‍ ഓഫ് ദി സീരീസ് കാറിന്റെ 27 വര്‍ഷം എന്ന കുറിപ്പോടെ വാഹനം ലഭിച്ചപ്പോഴുള്ള ഫോട്ടോയും 27 വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴുള്ള ചിത്രവുമായാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹനത്തിനൊപ്പമെടുത്ത ഫോട്ടോയിലെ അതേ പോസിലാണ് അദ്ദേഹം പുതിയ ചിത്രവും എടുത്തിരിക്കുന്നത്.
പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ കാറില്‍ സംഭവിച്ചിട്ടുണ്ട്. നിറം മങ്ങിയതിനൊപ്പം ബമ്പര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ പെയിന്റ് മാഞ്ഞിരിക്കുന്നതും ഫോട്ടോയില്‍ കാണാം. സൗന്ദര്യത്തിലും പ്രകടനത്തിലും പുതിയ എ4-നോളം എത്തില്ലെങ്കിലും ഈ വാഹനം ഇപ്പോഴും റണ്ണിങ്ങ് കണ്ടീഷന്‍ ആണെന്നാണ് റിപ്പോര്‍ട്ട്. 1985-ലെ ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് വേള്‍ഡ് ചാപ്യന്‍ഷിപ്പിലെ രവി ശാസ്ത്രിയുടെ മികച്ച പെര്‍ഫോമെന്‍സിന് ലഭിച്ച ഔഡി 100 എന്ന മോഡലും അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
1994-ല്‍ ആഗോളതലത്തില്‍ അവതരിപ്പിച്ച ഔഡി എ4-ന്റെ ഫസ്റ്റ് ജനറേഷന്‍ മോഡലാണ് 1996-ല്‍ ജയസൂര്യക്ക് സമ്മാനമായി ലഭിച്ചത്. ആ കാലത്ത് 1.6 നാല് സിലിണ്ടര്‍, 2.8 ലിറ്റര്‍ വി6 എന്നീ പെട്രോള്‍ എന്‍ജിനുകളിലും 1.9 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഔഡി എ4 എത്തിയിരുന്നതെന്നാണ് സൂചന. എന്നാല്‍, ജയസൂര്യക്ക് സമ്മാനമായി ലഭിച്ച മേഡല്‍ ഏതാണെന്നതില്‍ വ്യക്തതയില്ല. അതേസമയം, എ4-ന്റെ ആദ്യതലമുറ മോഡലുകള്‍ ഇന്ത്യയില്‍ എത്തിയിരുന്നില്ല. 2005 മുതലാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയത്.
Content Highlights: Srilankan crickter Sanath Jayasuriya Share his 27 year old Audi A4 Photo, His Man of series gift
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..