ന്ത്യന്‍ നിരത്തുകളില്‍ ഥാറിനോട് കട്ടയ്ക്ക് നില്‍ക്കുന്ന ഒരേ ഒരു എതിരാളി മാത്രമേയുള്ളൂ, അത് ഫോഴ്‌സിന്റെ ഗുര്‍ഖയാണ്. പുതുതലമുറ ഥാര്‍ നിരത്തുകളില്‍ എത്തിയതിന് പിന്നാലെ ഗുര്‍ഖയുടെയും പുതിയ മോഡല്‍ എത്താനൊരുങ്ങുകയാണ്. പുറം കാഴ്ചയില്‍ ഏറെ പരുക്കനാണെങ്കിലും 2021 ഗുര്‍ഖയുടെ അകത്തളം ഏറെ ക്യൂട്ടാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

ഓഫ് റോഡുകള്‍ക്ക് ഏറെ ഇണങ്ങുന്ന വാഹനമാണ് ഫോഴ്‌സിന്റെ ഗുര്‍ഖ. 2020 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ മുഖം മിനുക്കുന്ന പതിപ്പ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഥാറിനൊപ്പം തന്നെ കഴിഞ്ഞ ഉത്സവ സീസണില്‍ എത്താന്‍ ഉദ്യോശിച്ചിരുന്നെങ്കിലും കോവിഡ്-19 പ്രതിസന്ധികളെ തുടര്‍ന്ന് വരവ് നീട്ടി വയ്ക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

എന്നാല്‍, വരവടുത്തതിനോട് അനുബന്ധിച്ച് ഈ വാഹനം ഇപ്പോള്‍ പരീക്ഷണയോട്ടത്തിന്റെ തിരക്കുകളിലാണ്. ഇതിനിടെ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തില്‍ നിന്നാണ് ഗുര്‍ഖയുടെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെയും ഇന്റീരിയര്‍ ഫീച്ചറുകളുടെയും വിവരങ്ങള്‍ പുറത്തായത്. മൂടിക്കെട്ടലുകള്‍ ഇല്ലാതെ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്.

Force Gurkha


ഗുര്‍ഖയുടെ മുഖമുദ്രയായ പരുക്കന്‍ ഭാവം പുതിയ മോഡലിലും നിലനിര്‍ത്തിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആര്‍.എല്‍, മെഴ്‌സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റര്‍, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന ബംബര്‍ എന്നിവയാണ് മുഖഭാവത്തില്‍ വരുത്തിയ പുതുമ. 

ഗുര്‍ഖയുടെ പ്രൊഡക്ഷന്‍ പതിപ്പിന്റെ അകത്തളം ആദ്യമായാണ് ക്യാമറയില്‍ പതിയുന്നത്. സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്‌ബോര്‍ഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നല്‍കിയ റൗണ്ട് എ.സി.വെന്റുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, മുന്‍ മോഡലില്‍ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. 

നിലവിലെ ഗുര്‍ഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റര്‍ എന്‍ജിന്റെ ബിഎസ്-6 പതിപ്പാണ് പുതിയ മോഡലില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് മുന്‍തലമുറ മോഡലിനെക്കാള്‍ കൂടുതല്‍ കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തലുകള്‍. 4X4 സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവലായിരിക്കും ഗുര്‍ഖയിലെ ഗിയര്‍ബോക്‌സ്.

Content Highlights: Spy Image Of New Generation Force Gurkha Off Road SUV