'എനിക്ക് വലിയ എസ്.യു.വികള്‍ ഓടിക്കാന്‍ ഇഷ്ടമാണ്. എന്നാല്‍, വാഹനത്തിനുള്ളില്‍ കയറുന്നതും ഇറങ്ങുന്നതും വലിയ വെല്ലുവിളിയാണ്. എനിക്ക് ഇത്തരത്തിലുള്ള സീറ്റുകളുള്ള വാഹനം ഒരുക്കിയാല്‍ ഞാന്‍ നിങ്ങളുടെ എസ്.യു.വി. വാങ്ങാന്‍ ഒരുക്കമാണ്.' ടോക്കിയോയിലെ പ്രത്യേകം തയാറാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ഓഗസ്റ്റ് 20 ദീപാ മാലിക് ട്വിറ്ററില്‍ ഇട്ട പോസ്റ്റാണിത്. ടാറ്റ മോട്ടോഴ്‌സ്, ആനന്ദ് മഹീന്ദ്ര, എം.ജി. മോട്ടോഴ്‌സ് എന്നിവരെ ടാഗ് ചെയ്തായിരിക്കുന്ന ഈ പോസ്റ്റ്.

ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദീപാ മാലിക്കിന് അനുകൂലമായി ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. അംഗവൈകല്യമുള്ളവര്‍ക്കായി ടോക്കിയോയില്‍ താന്‍ ഉപയോഗിച്ചതിന് സമാനമായ വാഹനം നിര്‍മിക്കാന്‍ ദീപാ മാലിക് അഭ്യര്‍ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നായിരുന്നു ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. മാസങ്ങള്‍ക്കിപ്പുറം ആനന്ദ് മഹീന്ദ്ര തന്റെ വാക്ക് പാലിച്ചിരിക്കുകയാണ്. XUV700 ആണ് ദീപാ മാലിക്കിനായി ഒരുങ്ങിയിട്ടുള്ളത്. 

തന്റെ ആവശ്യാനുസരണം മഹീന്ദ്ര പ്രത്യേകമായി നിര്‍മിക്കുന്ന വാഹനത്തിന്റെ ചിത്രങ്ങളും വീഡിയോയും ദീപാ മാലിക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രത്യേകം വാഹനം ഡിസൈന്‍ ചെയ്യുന്ന മഹീന്ദ്രയുടെ റിസേര്‍ച്ച് വാലിയില്‍ വാഹനത്തിന്റെ നിര്‍മാണം വിലയിരുത്തുന്നതിനായി ദീപാ മാലിക് എത്തിയതിന്റെ ദൃശ്യങ്ങളാണ് അവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ടോക്കിയോയില്‍ അവര്‍ ഉപയോഗിച്ചതിന് സമാനമായ സീറ്റുകളുള്ള XUV700 വാഹനത്തിന്റെ ചിത്രവും ഇതില്‍ നല്‍കിയിട്ടുണ്ട്.

റിമോട്ടിന്റെ സഹായത്തോടെ മുന്നിലെ പാസഞ്ചര്‍ സീറ്റ് വശങ്ങളിലേക്ക് തിരിയുകയും പൂര്‍ണമായും പുറത്തേക്ക് നീക്കാന്‍ സാധിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിലെ സംവിധാനം ഒരുക്കിയിട്ടുള്ളത്. ഈ സീറ്റ് തന്നെ ഗ്രൗണ്ട് ലെവലിലേക്ക് താഴ്ത്താന്‍ സാധിക്കുന്നതും മഹീന്ദ്രയുടെ നിര്‍മാണ മികവിന്റെ ഉദാഹരണമാണ്. ദീപാ മാലിക് ഈ സീറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ വീഡിയോയും അവര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ആനന്ദ് മഹീന്ദ്രയോട് നന്ദി പറഞ്ഞുള്ള പോസ്റ്റിലാണ് വീഡിയോ നല്‍കിയിട്ടുള്ളത്. 

മഹീന്ദ്ര XUV700-ന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും ഇത്തരത്തില്‍ പ്രത്യേകമായി മാറ്റങ്ങള്‍ വരുത്തുകയെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായി ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഈ എസ്.യു.വിയുടെ പെട്രോള്‍ മോഡലുകള്‍ക്ക് 11.99 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.09 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില. 

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്.

Content Highlights: Specially Designed Mahindra XUV700 For Paralympian Deepa Malik, Mahindra XUV700