ലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികളില്‍ വാഹനങ്ങളുടെ നിര്‍മാണം പ്രഖ്യാപിച്ച ആദ്യ കമ്പനികളില്‍ ഒന്നാണ് ജാപ്പനീസ് കമ്പനിയായ സോണി. 2020-ല്‍ ലാസ് വെഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഡ്രൈവര്‍ലെസ് ഇലക്ട്രിക് വാഹനമായ വിഷന്‍-എസിന്റെ കണ്‍സെപ്റ്റും സോണി അവതരിപ്പിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ വേദിയില്‍ ഒരു ഇലക്ട്രിക് എസ്.യു.വിയുമായി വീണ്ടും എത്തിയിരിക്കുകയാണ് സാങ്കേതികവിദ്യയിലെ അതികായരായ ഈ കമ്പനി.

വിഷന്‍-എസ് 02 എന്ന പേരിലാണ് സോണിയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി. 2022 സി.ഇ.എസ്. വേദിയില്‍ എത്തിയത്. ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുമെന്നാണ് പ്രഖ്യാപിക്കുകയാണ് സോണി. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനും വിപണനത്തിനായുമായി സോണി മൊബിലിറ്റി എന്ന പുതിയ കമ്പനി ആരംഭിക്കുമെന്നാണ് സോണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. 

2020-ല്‍ സോണി എത്തിച്ച സെഡാന്‍ മോഡലായ വിഷന്‍-എസിന്റെ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഏഴ് സീറ്റര്‍ എസ്.യു.വിയായ വിഷന്‍-എസ് 02-വും ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ഓരോ ആക്‌സിലിലും ഒരോന്ന് വീതം നല്‍കി ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. ഒരോ മോട്ടോറും 270 ബി.എച്ച്.പി. പവര്‍ വീതം ഉത്പാദിപ്പിക്കുമെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച പെര്‍ഫോമെന്‍സ് ഉറപ്പാക്കുന്ന വാഹനവുമായിരിക്കും ഇത്.

Sony Vision-S, Sony Vision-S 02
സോണി വിഷന്‍-എസ് 02, സോണി വിഷന്‍-എസ് | Photo: Sony.com

വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ള ബാറ്ററി, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പിന്നിടാന്‍ സാധിക്കുന്ന ദൂരം, പരമാവധി വേഗത തുടങ്ങിയ വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, ഈ വാഹനത്തിന്റെ പ്രൊഡക്ഷന്‍ പതിപ്പില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗത എടുക്കാന്‍ സാധിച്ചേക്കുമെന്നാണ് സൂചന. 4895 എം.എം. നീളവും 1930 എം.എം. വീതിയും 1651 എം.എം. ഉയരത്തിലുമാണ് സോണിയുടെ വിഷന്‍-എസ് 02 ഇലക്ട്രിക് എസ്.യു.വി. ഒരുങ്ങിയിട്ടുള്ളത്. 

സാധാരണ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി സാങ്കേതിക സംവിധാനങ്ങളുടെ അകമ്പടിയോടെയായിരിക്കും ഈ വാഹനത്തിന്റെ അകത്തളം ഒരുങ്ങുക. പനോരമിക് ഇന്‍ഫോടെയ്ന്‍മെന്റ് ഇന്റര്‍ഫേസ്. 3ഡി ഓഡിയോ എക്‌സ്പീരിയന്‍സ് നല്‍കുന്നതിനായി സീറ്റുകളില്‍ നല്‍കുന്ന സ്പീക്കറുകള്‍, ഗെയിമിങ്ങിനായി സോണിയുടെ പ്ലേസ്റ്റേഷനുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്ന റിയര്‍ ഡിസ്‌പ്ലേകള്‍ തുടങ്ങിയവയായിരിക്കും ഈ വാഹനത്തിന്റെ അകത്തളത്തിന്റെ സവിശേഷതകള്‍. 

ലെവല്‍ 2 പ്ലസ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനമാണ് ഈ വാഹനത്തില്‍ പ്രധാനമായും സുരക്ഷ ഉറപ്പാക്കുന്നത്. ഇതിനൊപ്പം മറ്റ് സുരക്ഷ സംവിധാനങ്ങളും ഇതില്‍ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോണി ആദ്യം പുറത്തിറക്കിയ കണ്‍സെപ്റ്റ് മോഡലും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതായിരുന്നു. ഇതിനൊപ്പം വെറും 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത എടുക്കാന്‍ സാധിക്കുന്നതും സോണി വിഷന്‍-എസിന്റെ സവിശേഷതയായി വിശേഷിപ്പിച്ചിരുന്നു.

Source: Team BHP

Content Highlights; Sony Vision-S 02 Electric SUV, Sony Mobility, Consumer Electronics Show 2022, Sony Electric SUV