ലക്ട്രാണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ പകരക്കാരില്ലാത്ത ശക്തിയാണ് സോണി. നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായ ഈ ജപ്പാന്‍ കമ്പനി വാഹനരംഗത്തേക്കും വരവറിയിച്ചിരിക്കുകയാണ്. സാധാരണ വാഹനങ്ങളില്‍ നിന്ന് മാറി ഡ്രൈവര്‍ ലെസ് കാറിന്റെ നിര്‍മാണത്തിലാണ് സോണി കൈവെച്ചിട്ടുള്ളത്.

ലാസ് വെഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലായിരുന്നു ലോകത്തെ അദ്ഭുതപ്പെടുത്തിക്കൊണ്ട് 'സോണി' തങ്ങളുടെ സ്വയംനിയന്ത്രിത കാറിനെ പരിചയപ്പെടുത്തിയത്. പ്ലേസ്റ്റേഷനും പുതിയ ടി.വി.യും പ്രതീക്ഷിച്ചെത്തിയവര്‍ക്ക് മുന്നിലാണ് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ രാജാവായ ജപ്പാന്‍ കമ്പനി തങ്ങളുടെ അത്ഭുതച്ചെപ്പ് തുറന്നത്. 

100 കിലോമീറ്റര്‍ വേഗമെടുക്കാന്‍ വെറും 4.8 സെക്കന്‍ഡുകള്‍ മാത്രം മതിയാവുന്ന ഈ വൈദ്യുത കാര്‍ മറ്റൊരു ലോകമാണ് തുറന്നിടുന്നത്. 'ഫൈവ് ജി' അധിഷ്ഠിതമായ കാറില്‍ ട്രാഫിക്, വീഡിയോ, സംഗീതം എന്നിവയ്ക്കു പുറമെ ഒ.ടി.എ. സിസ്റ്റവും സ്വയം അപ്ഡേറ്റായിക്കൊണ്ടിരിക്കും. ഇവയെല്ലാം സോണിയുടെ 360 റിയാലിറ്റി സൗണ്ട് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കും. 

മുന്നിലും പിന്നിലും വശങ്ങളിലുമായി നാല് ക്യാമറകളാണ് പ്രധാനമായും ഉള്ളത്. ഇവയിലെല്ലാം സോണിയുടെ നവീനമായ സി.എം.ഒ.എസ്. സെന്‍സറുകളും ഘടിപ്പിച്ചിരിക്കും. വശങ്ങളിലെ ക്യാമറകള്‍ സൈഡ്മിററുകളിലാണ്. അവയില്‍ നിന്ന് തത്സമയ ദൃശ്യങ്ങള്‍ ഡാഷ്ബോര്‍ഡില്‍ തെളിയും. വെളിച്ചക്കുറവുണ്ടാകുമ്പോള്‍ ഇതിലെ സെന്‍സറുകള്‍ വ്യക്തമായ ചിത്രം തരും. 

33 സെന്‍സറുകളാണ് കാറിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. വാഹനത്തിന്റെ പരിസരം വീക്ഷിക്കുന്ന സി.എം.ഒ.എസ്. ഇമേജ് സെന്‍സറുകളും ടി.ഒ.എഫ്. സെന്‍സറുകളും ഉള്‍പ്പെടും. ഇലക്ട്രോണിക് രംഗത്തെ ഭീമന്‍മാരായ 'ബ്ലാക്ക്ബെറി', 'ബോഷ്' തുടങ്ങിയവരില്‍ നിന്ന് സാങ്കേതിക സഹായം 'സോണി' ഇതിനായി ലഭ്യമാക്കിയിട്ടുണ്ട്. കാറിന്റെ പ്ലാറ്റ്ഫോം 'മാഗ്‌ന' എന്ന കമ്പനിയാണ് തയ്യാറാക്കിയത്. അധികം സാങ്കേതിക വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Content Highlights: Sony Driverless Car Concept Vision S