നിരത്തുകളില്‍ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് ഫിന്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേസ്മാര്‍ക്ക് എന്ന കമ്പനിയുമായി സഹകരിക്കാന്‍ തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്‌നോളജീസ്. ബേസ്മാര്‍ക്കിന് പുറമെ, മറ്റ് പത്തോളം വാഹന വ്യവസായ മേഖലയിലെ കമ്പനികളുമായി ചേര്‍ന്നായിരിക്കും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ക്കായി ആക്‌സിയ ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്. 

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കമ്പനികളുടെ ശൃംഖല രൂപീകരിക്കുന്നതിനും ഇത്തരം വാഹനങ്ങളുടെ നിര്‍മാണത്തിന് സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലുകളുടെ സേവനം ഉറപ്പാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ബേസ്മാര്‍ക്ക്. 2014-ലാണ് ബേസ്മാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ആക്‌സിയ-ബേസ്മാര്‍ക്ക് സഹകരണം. 

വാഹന വ്യവസായ മേഖലയുടെ ഭാവി ഓട്ടോണമസ് കാറുകളെ ആശ്രയിച്ചുള്ളതാണ്. ഇത്തരം കാറുകള്‍ക്കായി സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുകയാണ് ബേസ്മാര്‍ക്കുമായി സഹകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. കണക്ടഡ് കാറുകളുടെ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ആക്‌സിയയും ലക്ഷ്യമാക്കുന്നത്. റോക്ക്‌സോളിഡ് എക്കോസിസ്റ്റവുമായി സഹകരിക്കുന്നതിലും അതിയായ സന്തോഷമുണ്ടെന്നും ആക്‌സിയ ടെക്‌നോളജി മേധാവി ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. 

ഓട്ടോണമസ് വെഹിക്കിള്‍, കണക്ടഡ് കാറുകള്‍, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്കുള്ള സാങ്കേതികവിദ്യ ഒരുക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളതിനാല്‍ തന്നെ ആക്‌സിയ ബേസ്മാര്‍ക്കിന് ഉത്തമപങ്കാളിയായിരിക്കുമെന്നാണ് ആക്‌സിയ അവകാശപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങളാണ് ഈ മേഖലയുടെ ഭാവി നിര്‍ണയിക്കുന്നത്. ഇത്തരം വാഹനങ്ങള്‍ സാങ്കേതിക മേഖലയില്‍ വലിയ പദ്ധതികള്‍ ഒരുക്കുന്നതിനൊപ്പം നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ ഏറെ മുന്‍പന്തിയിലുള്ള കമ്പനിയാണ് ബേസ്മാര്‍ക്ക്. ഈ മേഖലയില്‍ ലഭിക്കുന്ന പിന്തുണയില്‍ നിന്ന് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആക്‌സിയയുമായുള്ള സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടുകെട്ടില്‍ സോഫ്റ്റ്‌വെയര്‍ വാഹനങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നും ബേസ്മാര്‍ക്ക് മേധാവി അഭിപ്രായപ്പെട്ടു.

Content Highlights: Software Car Development; Acsia Technologies Joint Hands With Basemark