ലോകത്താകമാനമുള്ള വാഹന നിര്‍മാതാക്കളെ പോലെ തന്നെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് ഉറ്റുനോക്കുകയാണ് മൊബൈല്‍ ഫോണ്‍-ഇലക്ട്രോണിക്‌സ് കമ്പനികളും. ആപ്പിളില്‍ തുടങ്ങി റിയല്‍മീ വരെയുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളും ഇലക്ട്രിക് വാഹനങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഗൂഗിള്‍ പോലെയുള്ള ടെക് ഭീമന്മാരും ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലായണ്. ഈ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനത്തിന്റെ വരവിനുള്ള സമയം കുറിക്കുകയാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ ഷവോമി.

ഷവോമിയുടെ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള പ്രവേശനം ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഷവോമിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജൂന്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതേസമയം, അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ അനുസരിച്ച് 2024-ല്‍ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2024-ല്‍ നിര്‍മാണം തുടങ്ങുമെന്നും 2026-ഓടെ ആദ്യ വാഹനം എത്തുമെന്നുമായിരുന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നത്. 

ഇലക്ട്രിക് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി പ്രത്യേകം വിഭാഗത്തെ ഷവോമി രൂപീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ലീ ജൂനിന്റെ നേതൃത്വത്തില്‍ തന്നെയായിരിക്കും ഈ വിഭാഗത്തിന്റെയും പ്രവര്‍ത്തനം. ബെയ്ജിങ്ങിലാണ് ഷവോമിയുടെ വാഹന നിര്‍മാണശാല ഒരുങ്ങുന്നത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് ആയിരിക്കും ഷവോമി ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2024-ഓടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചേക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി 75,395 കോടി രൂപയുടെ (1000 കോടി ഡോളര്‍) നിക്ഷേപമാണ് ഷവോമി നടത്തുന്നതെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഇലക്ട്രിക് കാര്‍ ബിസിനസിന് ആവശ്യമായ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും, റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലേക്കുള്ള നിയമനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വാഹന നിര്‍മാണത്തില്‍ ഏതെങ്കിലും പങ്കാളികളുടെ പിന്തുണയുണ്ടോയെന്ന വ്യക്തമല്ല. 

എട്ട് വര്‍ഷത്തെ പാരമ്പര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റ് ബിസിനസുകളിലേക്കും ചുവടുവയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ലാഭവിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് മറ്റ് വ്യവസായ മേഖലകളിലേക്കും തിരിയുന്നത്. ഓട്ടോണമസ് പോലുള്ള വാഹനങ്ങളും ഭാവിയില്‍ പ്രതീക്ഷിക്കാം. എന്നാല്‍, കമ്പനിയുടെ പ്രധാന ബിസിനസ് സ്മാര്‍ട്ട് ഫോണായിരിക്കുമെന്നാണ് സൂചന.

Source: The Times Of India 

Content Highlights: Smartphone company Xiaomi's first electric vehicle will launch by 2024, Xiaomi Electric Vehicle