പ്രതീകാത്മക ചിത്രം | Photo: REUTERS|Facebook|Great Wall Motors
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ഷവോമി ഇലക്ട്രിക് കാര്‍ നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സിന്റെ പ്ലാന്റിലായിരിക്കും ഷവോമിയുടെ വാഹനങ്ങള്‍ നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇരുകമ്പനികളും ഈ വാര്‍ത്തകള്‍ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ക്ക് തയാറായിട്ടില്ല.
ഷവോമി ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഷവോമിയുടെ ഓഹരി മൂല്യം 6.71 ശതമാനവും ഗ്രേറ്റ് വാള് മോട്ടോഴ്സിന്റെ ഓഹരി മൂല്യം ഏഴ് ശതമാനവും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വാഹന നിര്‍മാതാക്കള്‍ മുമ്പ് ഓട്ടോണമസ് വാഹനങ്ങളുടെ നിര്‍മാണം പ്രഖ്യാപിച്ചിരുന്നു. ഇലക്ട്രിക് വാഹന നിര്‍മാണം പ്രഖ്യാപിക്കുന്ന ഏറ്റവുമൊടുവിലെ കമ്പനിയാണ് ഷവോമി.
ഷവോമിക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള എന്‍ജിനീയറിങ്ങ് സംവിധാനങ്ങള്‍ ഗ്രേറ്റ് വാള് മോട്ടോഴ്സ് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മുമ്പ് മറ്റ് കമ്പനികള്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ഗ്രേറ്റ് വാള് മോട്ടോഴ്സ് പ്ലാന്റുകള്‍ വിട്ട് നല്‍കിയിട്ടില്ല. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള സഹകരണം വരുന്ന ആഴ്ച തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭ്യമായിട്ടില്ല.
എട്ട് വര്‍ഷത്തെ പാരമ്പര്യമുള്ള സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഷവോമി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് ബിസിനസുകളിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. ആഗോള ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ലാഭ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് മറ്റ് വ്യവസായ മേഖലകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട് ക്യാബിന്, ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഈ കൂട്ടുകെട്ടിലൂടെ സാധ്യമാകും.
ചൈനയിലെ ഏറ്റവും വലിയ പിക്ക്അപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സ് കഴിഞ്ഞ വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ഒരു ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ സഹായത്തോടെ ചൈനിയില്‍ ഇലക്ട്രിക് വാഹന പ്ലാന്റും ഗ്രേറ്റ് വാള് മോട്ടോഴ്സ് ഒരുക്കിയിരുന്നു. പി സീരീസ് പിക്ക്അപ്പ് ട്രക്ക്, ഓറ ഇലക്ട്രിക് വെഹിക്കിള്‍ ഉള്‍പ്പെടെ 1.11 മില്ല്യണ്‍ വാഹനങ്ങളാണ് ഗ്രേറ്റ് വാള് മോട്ടോഴ്സ് കഴിഞ്ഞ വര്‍ഷം നിരത്തിലെത്തിച്ചത്.
Source: Reuters
Content Highlights: Smart Phone Company Xiaomi Planning To Develop Electric Vehicle With Help Of Great Wall Motors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..