ന്ത്യന്‍ വാഹന വിപണിയില്‍ പ്രീമിയം പരിവേഷമുള്ള വാഹന നിര്‍മാതാക്കളാണ് ചെക്ക് കമ്പനിയായ സ്‌കോഡ. പ്രീമിയം ശ്രേണിയില്‍ മാത്രം വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്ന സ്‌കോഡ ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള മോഡലുകളും എത്തിച്ച് തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ മോഡലുകള്‍ എത്തിക്കുന്നതിന് പുറമെ, ഇന്ത്യന്‍ വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമാകാനുള്ള മറ്റ് നീക്കങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സ്‌കോഡയുടെ നെറ്റ്‌വര്‍ക്ക് കൂടുതല്‍ വികസിപ്പിക്കുകയാണ് കമ്പനിയുടെ ആദ്യ ചുവടുവെപ്പ്. ഇതിന്റെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ നഗരങ്ങളിലായി 225 പുതിയ ടച്ച്‌പോയന്റുകള്‍ ഒരുക്കാനാണ് സ്‌കോഡ പദ്ധതി തയാറാക്കിയിരിക്കുന്നത്. കുഷാക്ക് എന്ന മിഡ്-സൈസ് എത്തിച്ചതിന്റെ ഭാഗമായി സ്‌കോഡ നെറ്റ്‌വര്‍ക്ക് 15 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 

ഓഗസ്റ്റ് മാസത്തോടെ ഇന്ത്യയിലെ 100 നഗരങ്ങളില്‍ സ്‌കോഡയുടെ സെയില്‍ ആന്‍ഡ് സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുമെന്നാണ് ഉറപ്പുനല്‍കിയിട്ടുള്ളത്. 170 സെന്ററുകളായിരിക്കും ഈ നഗരങ്ങളില്‍ തുറക്കുന്നത്. സാംഗ്ലി, ഭില്‍വാര, ഫരീദാബാദ്, പഞ്ചകുല, നവസാരി, വാപ്പി, ഹാര്‍ദോയ് തുടങ്ങിയ നഗരങ്ങളിലാണ് അടുത്ത മാസം അവസാനത്തോടെ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ സ്‌കോഡ പദ്ധതിയിട്ടിരിക്കുന്നത്. 

കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടെ 90-ഓളം ടയര്‍-1, ടയര്‍-2 സിറ്റികളില്‍ സ്‌കോഡയുടെ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഷാക്ക് എസ്.യു.വി. അവതരിപ്പിച്ചതിന് പിന്നാലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 200-ഓളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് സ്‌കോഡ ഇന്ത്യ അറിയിച്ചു.

നിലവില്‍ കുഷാക്ക് മിഡ്-സൈസ് എസ്.യു.വി, സൂപ്പര്‍ബ്, ഒക്ടാവിയ എന്നീ പ്രീമിയം സെഡാന്‍, റാപ്പിഡ് സെഡാന്‍ എന്നീ വാഹനങ്ങളാണ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ സ്‌കോഡ കുഷാക്കാണ് അവസാനമായി എത്തിയത്. എതിരാളികള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന വിലയിലും ഫീച്ചറുകളിലും എത്തിച്ചിട്ടുള്ള ഈ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Content Highlights: Skoda Will Set Up 225 Dealership In India By  2022