ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡയ്ക്ക് ഇന്ത്യയില്‍ ശക്തമായ അടിത്തറ പാകാന്‍ സഹായിച്ച വാഹനങ്ങളിലൊന്നാണ് റാപ്പിഡ് എന്ന സെഡാന്‍ മോഡല്‍. ഈ വാഹനത്തിന്റെ സി.എന്‍.ജി. മോഡല്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇക്കാര്യത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌കോഡ ഇന്ത്യയുടെ മേധാവി.

റാപ്പിഡ് സി.എന്‍.ജി. എത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നാണ് സ്‌കോഡ മേധാവിയുടെ വാക്കുകള്‍ സ്ഥിരീകരിക്കുന്നത്. റാപ്പിഡിന്റെ സി.എന്‍.ജി. പതിപ്പ് എത്തിക്കാനുള്ള പദ്ധതി ഇല്ലെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സ്‌കോഡയില്‍ നിന്ന് ഒരു സി.എന്‍.ജി. മോഡലും പുറത്തിറക്കുന്ന കാര്യം പരിഗണനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.

സ്‌കോഡ ഇന്ത്യയുടെ മേധാവിയായ സാക് ഹോളിസ് തന്നെയാണ് റാപ്പിഡിന്റെ സി.എന്‍.ജി. മോഡല്‍ കമ്പനിയുടെ പരിഗണനയിലാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അറിയിച്ചത്. ഇതിനുപിന്നാലെ റാപ്പിഡ് സി.എന്‍.ജി. മോഡലിന്റെ പ്രോട്ടോടൈപ്പ് ഇന്ത്യയില്‍ പരീക്ഷണത്തിന് എത്തിക്കുകയും ചെയ്തിരുന്നെന്നാണ് സൂചന. ഈ പദ്ധതി ഉപേക്ഷിക്കാനുള്ള കാരണങ്ങള്‍ സ്‌കോഡ വ്യക്തമാക്കിയിട്ടില്ല. 

 109 ബി.എച്ച്.പി.പവറും 175 എന്‍.എം.ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടി.എസ്.ഐ. ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനിലാണ് റാപ്പിഡിന്റെ റെഗുലര്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.  ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനുപുറമെ ഏഴ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷണലായും റാപ്പിഡില്‍ നല്‍കിയിട്ടുണ്ട്. 

Content Highlights: Skoda Will Not Launch Rapid CNG Model Confirms Zac Hollis