സ്‌കോഡയ്ക്ക് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച പ്രീമിയം സെഡാന്‍ മോഡലായ സൂപ്പര്‍ബിന്റെ കോര്‍പറേറ്റ് എഡീഷന്‍ ഇന്ത്യയിലുമെത്തി. ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ 2019-ല്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യവാഹനമാണ് സൂപ്പര്‍ബ് കോര്‍പറേറ്റ് എഡീഷന്‍.

ആദ്യം സ്‌കോഡ ഇന്ത്യയിലെത്തിച്ച സൂപ്പര്‍ബില്‍ കൂടുതല്‍ ആഡംബരം ഉള്‍പ്പെടുത്തിയാണ് കോര്‍പറേറ്റ് എഡീഷന്‍ എത്തിച്ചിരിക്കുന്നത്. 23.99 ലക്ഷം രൂപയാണ് കോര്‍പറേറ്റ് എഡീഷന്‍ സൂപ്പര്‍ബിന്റെ എക്‌സ്‌ഷോറൂം വില.

ഡിസൈന്‍ ശൈലിയിലും സ്റ്റൈലിലും മുന്‍ മോഡലിനോട് സാമ്യമുണ്ടെങ്കിലും ഫീച്ചറുകളുടെ എണ്ണം കൂടിയിട്ടുണ്ട്. സീനോണ്‍ ഹെഡ്‌ലാമ്പ്, 17 ഇഞ്ച് അലോയ് വീല്‍, അഡാപ്റ്റീവ് ലൈറ്റ്, ഡിസ്‌പ്ലേയുള്ള റിയര്‍വ്യു ക്യാമറ, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

12 വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വെന്റിലേഷനുള്ള മുന്‍സീറ്റുകള്‍, സുരക്ഷയ്ക്കായി ഇരട്ട മുന്‍ എയര്‍ബാഗുകളും സൈഡ് എയര്‍ബാഗുകളുമുണ്ട്. ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. 

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് കോര്‍പറേറ്റ് എഡീഷന്‍ എത്തിയിട്ടുള്ളത്. 1.8 ലിറ്റര്‍ ടി.എസ്.ഐ പെട്രോള്‍ എന്‍ജിന്‍ 177 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമുള്ള ഈ വാഹനത്തിന് 14.64 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. 


Content Highlights; Skoda Superb Corporate Edition Launched.