ചെക്ക് സൗന്ദര്യമാണ് സ്‌കോഡ. ഒക്ടോവിയ മുതലിങ്ങോട്ടുള്ള മോഡലുകള്‍ എല്ലാംതന്നെ ഒരു കാര്‍പ്രേമിയെ പൂര്‍ണമായും തൃപ്തിപ്പെടുത്താനുതകുന്നതായിരുന്നു. ഡിസൈന്‍ മുതല്‍ അകത്ത് നല്‍കുന്ന സൗകര്യങ്ങളും ആഡംബരവും കുതിക്കാനുള്ള കരുത്തുമെല്ലാം സമ്മേളിക്കുന്ന സ്‌കോഡയുടെ കാറുകള്‍ക്ക് പ്രേമികളുമേറെ. സ്‌കോഡ ഇന്ത്യയ്ക്ക് നല്‍കിയ ആഡംബരമാണ് സൂപ്പര്‍ബ്. നാടന്‍ സൂപ്പര്‍ബ് തന്നെ സൂപ്പറായിരുന്നു. അതിലെ ആഡംബരം പോരാത്തവര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് എഡിഷനുമായി കമ്പനി വരുന്നത്. 

ആദ്യമായി സ്‌കോഡ കൈലുള്ളവര്‍ക്കായിരിക്കും കോര്‍പ്പറേറ്റ് എഡിഷന്‍ നല്‍കുക. ഉയര്‍ന്ന ശ്രേണിയിലുള്ള സെഡാന്‍ വേണമെന്നുള്ള സ്‌കോഡ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് കോര്‍പ്പറേറ്റ് എഡിഷന്‍ ലഭ്യമാക്കുക. പിന്നീട് ഡിമാന്‍ഡ് കൂടുതലുണ്ടെങ്കില്‍ പുതിയ മോഡലായി വരാനാണ് പദ്ധതി. 23.49 ലക്ഷം രൂപയില്‍ നിന്നാണ് സൂപ്പര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്റെ വില തുടങ്ങുന്നത്.

ഇപ്പോഴുള്ള സൂപ്പര്‍ബിലേതുപോലെ മൂന്നു പെട്രോള്‍ പതിപ്പുകളും രണ്ടു ഡീസല്‍ പതിപ്പുകളുമാണിതിലുണ്ടാവുക. പെട്രോള്‍ പതിപ്പില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും ഡീസല്‍ പതിപ്പില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിരിക്കും. 1.8 ലിറ്റര്‍ നാലു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന് 177 ബി. എച്ച്. പി. കരുത്തും 320 എന്‍. എം. ടോര്‍ക്കുമാണുള്ളത്. ആറു സ്പീഡ് മാനുവലും ഏഴു സ്പീഡ് ഡബിള്‍ ക്ലച്ച് ഗിയര്‍ബോക്‌സുമാണുള്ളത്. ഡീസലിലുള്ള 2.0 ലിറ്റര്‍ നാലു സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ 175 ബി.എച്ച്.പി. കരുത്തും 350 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുക.

Also Read - സുസുക്കി ജിംനിയും സ്വിഫ്റ്റ് സ്‌പോര്‍ട്ടും ഇന്ത്യയിലേക്കില്ല

സീനോണ്‍ ഹെഡ്ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, അഡാപ്റ്റീവ് ലൈറ്റ്, ഡിയ്പ്ലേയുള്ള റിയര്‍വ്യു ക്യാമറ, ത്രീസോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

12 വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, കീലെസ് എന്‍ട്രി, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വെന്റിലേഷനുള്ള മുന്‍സീറ്റുകള്‍, സുരക്ഷയ്ക്കായി ഇരട്ട മുന്‍ എയര്‍ബാഗുകളും സൈഡ് എയര്‍ബാഗുകളുമുണ്ട്. ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയുമുണ്ട്. 

Also Read - ഇന്ധനക്ഷമതയില്‍ ഒന്നാമനായി മാരുതിയുടെ പുതിയ സിയാസ്‌

Content Highlights; Skoda Superb Corporate Edition Launched