ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പുതിയ പ്രീമിയം സെഡാന്‍ മോഡലായ സ്ലാവിയ നവംബര്‍ 18-ന് പ്രദര്‍ശനത്തിനെത്തും. ആഗോള വിപണികള്‍ക്കായി ഒരുക്കിയിട്ടുള്ള ഈ വാഹനം ഇന്ത്യയില്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുകയെന്നാണ് വിവരം. അടുത്ത മാസം അവതരിപ്പിക്കുമെങ്കിലും നിരത്തുകളില്‍ എത്താനുള്ള കാത്തിരിപ്പ് നീളും. 2022-ന്റെ തുടക്കത്തില്‍ മാത്രമായിരിക്കും സ്‌കോഡ സ്ലാവിയ വിപണിയില്‍ എത്തുകയെന്നാണ് വിവരം.

ടീസര്‍ പുറത്തുവിട്ടതിന് പിന്നാലെ വാഹനത്തിന്റെ രൂപം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും സ്‌കോഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലാണ് വാഹനത്തിന്റെ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സെഡാന്‍ വിപണിയിലെ കരുത്തന്‍ സാന്നിധ്യമായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനാണ് സ്ലാവിയയുടെ വരവെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 

സ്‌കോഡയുടെ മിഡ്-സൈസ് എസ്.യു.വിയായ കുഷാക്കിന് അടിസ്ഥാനമായ MQB AO IN പ്ലാറ്റ്ഫോമിലായിരിക്കും സ്ലാവിയയും എത്തുകയെന്നാണ് സൂചന. ഇന്ത്യയിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി സ്‌കോഡ-ഫോക്സ്വാഗണ്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഇന്ത്യ പ്രൊജക്ട് 2.0-യുടെ കീഴില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലായിരിക്കും സ്ലാവിയ എന്നാണ് വിലയിരുത്തലുകള്‍. പുതുതലമുറ ഫീച്ചറുകളായിരിക്കും ഈ വാഹനത്തിന്റെയും ഹൈലൈറ്റ്.

Skoda Slavia
സ്‌കോഡ സ്ലാവിയ | Photo: Skoda

മൂടിക്കെട്ടലുകളുമായി പ്രത്യക്ഷപ്പെട്ടതിനാല്‍ തന്നെ ഈ വാഹനത്തിന്റെ ഡിസൈന്‍ സവിശേഷതകള്‍ വെളിവായിട്ടില്ല. സ്‌കോഡ വാഹനങ്ങളുടെ സിഗ്നേച്ചര്‍ ഗ്രില്ലാണ് സ്ലാവിയയിലും നല്‍കിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, ടെയ്ല്‍ലാമ്പ് എന്നിവ സ്ലാവിയയില്‍ നല്‍കും. ഇതിനൊപ്പം ബ്ലാക്ക് ഫിനീഷിങ്ങ് അലോയി വീലാണ് എക്‌സ്റ്റീരിയറിലെ മറ്റൊരു പ്രത്യേകത. ക്യാബിനും പുതുതലമുറ ഫീച്ചറുകളാല്‍ സമ്പന്നമായിരിക്കുമെന്നാണ് സൂചന. 

മെക്കാനിക്കല്‍ ഫീച്ചറുകളും കുഷാക്കുമായി പങ്കിട്ടായിരിക്കും സ്ലാവിയ എത്തുന്നതെന്നാണ് വിലയിരുത്തല്‍. 1.0 ലിറ്റര്‍ മൂന്ന് ലിറ്റര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടി.എസ്.ഐ. എന്നീ പെട്രോള്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തിലും നല്‍കും. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നീ ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Skoda Slavia Sedan To Be Unveiled On November 18