സ്കോഡ സ്ലാവിയ | Photo: Skoda
ഇന്ത്യന്‍ വിപണിക്കുവേണ്ടി ഇന്ത്യയില്‍ നിര്‍മിക്കുന്ന പുതിയ ആഡംബര സെഡാന് 'സ്ലാവിയ'യുമായി സ്കോഡ വരുന്നു. 'കുഷാക്കി'ന് പിന്നാലെയാണ് 'സ്ലാവിയ' വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കായുള്ള സ്കോഡയുടെ 'ഇന്ത്യ 2.0
പ്രോജക്ടി'ലാണ് 'സ്ലാവിയ'യും ഉള്‍പ്പെടുക. കഴിഞ്ഞവര്‍ഷം നവംബറില്‍ പ്രദര്‍ശിപ്പിച്ച കാര്‍, ഈ മാര്‍ച്ചില്‍ വിപണിയിലെത്തും. വാഹനത്തിന്റെ നിര്‍മാണം മഹാരാഷ്ട്രയിലെ ചക്കന്‍ നിര്‍മാണശാലയില്‍ ആരംഭിച്ചതോടൊപ്പം ബുക്കിങ്ങും തുടങ്ങിയിട്ടുണ്ട്.
എക്സ്റ്റീരിയര്‍
സ്കോഡയുടെ എം.ക്യു.ബി. എ0 പ്ലാറ്റ്ഫോമിന്റെ ഇന്ത്യന്‍ വകഭേദം എം.ക്യൂ.ബി. എ0 ഐ.എന്‍. പ്ലാറ്റ്ഫോമിലാണ് 'സ്ലാവിയ' നിര്‍മിക്കുന്നത്. സ്കോഡയുടെ ഹെക്സഗണല്‍ ഗ്രില്ലും അതിനു ചുറ്റും ക്രോം ആവരണവും നല്‍കിയിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി നിര്‍മിക്കുമ്പോള്‍ ക്രോമിന്റെ അളവ് അല്‍പ്പം കൂട്ടിത്തന്നെയാണ് 'സ്ലാവിയ'യും ഒരുങ്ങിയിരിക്കുന്നത്. കരുത്ത് പ്രകടിപ്പിക്കുന്ന ബോണറ്റിന് അഴകേകാന്‍ ബോഡിലൈനിങ്ങുമുണ്ട്. ഷാര്‍പ്പായ ഹെഡ് ലൈറ്റുകള്‍ക്ക് സമീപം 'എല്‍' ആകൃതിയിലാണ് ഡേടൈം റണ്ണിങ് ലാമ്പുകള്‍. വീല്‍ ആര്‍ച്ചുകളും ഷോള്‍ഡര്‍ ലൈനും ബോഡി ലൈനുമെല്ലാം ചേര്‍ന്ന് കരുത്തേറിയ പ്രതീതിയാണ് വാഹനത്തിനുള്ളത്. 'സി' ആകൃതിയിലുള്ള ടെയില്‍ ലാമ്പ് മനോഹരമായി ബൂട്ട് ഡോറിനോട് ചേര്‍ന്നിരിക്കുന്നു.

സ്കോഡയുടെ ഇന്ത്യന്‍ ഹിറ്റ് സെഡാനായ 'റാപ്പിഡി'നെക്കാള്‍ 128 മില്ലിമീറ്റര്‍ നീളവും 53 മില്ലിമീറ്റര്‍ വീതിയും 21 മില്ലിമീറ്റര്‍ ഉയരവും 99 മില്ലിമീറ്റര്‍ വീല്‍ബേസും 'സ്ലാവിയ'യ്ക്ക് കൂടുതലുണ്ട്. സെഗ്മെന്റില്‍ 'ഹോണ്ട സിറ്റി' കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നീളവും ഉയരവുമുള്ള കാറായിരിക്കും ഇത്. 4,541 മില്ലീമീറ്റര്‍ നീളം, 1,752 മില്ലിമീറ്റര്‍ വീതി, 1,487 മില്ലിമീറ്റര്‍ ഉയരം എന്നിങ്ങനെയാണ് അഴകളവുകള്‍.

ഇന്റീരിയര്‍
'ഒക്ടാവിയ', 'കുഷാക്' എന്നിവയില്‍നിന്ന് കടംകൊണ്ടാണ് അകത്തളം. ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോളുകളുള്ള രണ്ട് സ്പോക്ക് സ്റ്റിയറിങ് വീല്‍. 10 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 'മൈ സ്കോഡ' കാര്‍ കണക്ടിവിറ്റി ഫീച്ചറുകള്‍, ശീതീകരിക്കാന് പറ്റുന്ന സീറ്റുകള്‍, ആറ് സ്പീക്കറുകളോടും ഒരു സബ് വൂഫറോടും കൂടിയ മ്യൂസിക് സിസ്റ്റം, ഓട്ടോ ഹെഡ് ലാമ്പ്, റെയിന്‍ സെന്‍സറിങ് വൈപ്പറുകള്‍ എന്നിങ്ങനെ സൗകര്യങ്ങളുടെ ഒരു നിരതന്നെയുണ്ട്. ഉയര്‍ന്ന വകഭേദത്തില്‍ എട്ട് ഇഞ്ച് ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് ക്ലസ്റ്ററും 10 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവുമുണ്ടാകും.

എന്ജിന്
ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്നു വകഭേദങ്ങളാണുള്ളത്. 'കുഷാക്കു'മായി പ്ലാറ്റ്ഫോം മാത്രമല്ല എന്‍ജിനും 'സ്ലാവിയ' പങ്കുവയ്ക്കുന്നുണ്ട്. 115 എച്ച്.പി. കരുത്ത് നല്കുന്ന 1 ലിറ്റര്‍ ടി.എസ്.ഐ. എന്‍ജിനും 150 എച്ച്.പി. കരുത്തും 250 എന്‍.എം. ടോര്‍ക്കും നല്കുന്ന 1.5 ലിറ്റര്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. 1 ലിറ്റര്‍ എന്‍ജിന്റെ കൂടെ ആറു സ്പീഡ് മാനുവല്‍, ആറ്് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സും 1.5 ലിറ്റര്‍ എന്‍ജിന്റെ കൂടെ ഡി.എസ്.ജി. ഗിയര്‍ബോക്സും ലഭിക്കും.
എ.ബി.എസ്., ആറ് എയര്‍ബാഗുകള്‍, ഇ.എസ്.സി., ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ സിസ്റ്റം, ടയര്‍ പ്രഷര്‍ മോണിറ്റര്‍ സിസ്റ്റം, ഹില്‍ ബോഡ് അസിസ്റ്റ്, മള്‍ട്ടി കൊഷീഷന് ബ്രേക് സിസ്റ്റം എന്നിവ സുരക്ഷയ്ക്കായുമുണ്ട്. വിലയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും 15 ലക്ഷം രൂപയ്ക്കുള്ളിലായിരിക്കും എക്സ്ഷോറും വില പ്രതീക്ഷിക്കുന്നത്.
Content Highlights: Skoda Slavia sedan, Skoda Mid Size Sedan for india, Skoda Slavia, Skoda Auto
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..