ക്ടാവിയയും സൂപ്പര്‍ബും പോലുള്ള വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സ്‌കോഡയുടെ പ്രീമിയം നിരയിലെ ഇളമുറക്കാരനാണ് സ്ലാവിയ എന്ന സെഡാന്‍. ഇന്ത്യന്‍ വാഹന വിപണിയില്‍ സെഡാന്‍ പാരമ്പര്യം വീണ്ടെടുക്കുകയെന്ന ലക്ഷ്യവുമായി എത്തിയിട്ടുള്ള ഈ പുത്തന്‍ സെഡാന്‍ മോഡല്‍ 2022 മാര്‍ച്ച് മാസം മുതല്‍ നിരത്തുകളില്‍ നിറയും. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഈ വാഹനത്തിന്റെ ആഗോള അവതരണം സ്‌കോഡ ഇന്ത്യയില്‍ നടത്തിയത്. റാപ്പിഡിന്റെ പകരക്കാരനാണ് സ്ലാവിയ.

ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും സ്ലാവിയ നിരത്തുകളില്‍ എത്തുക. അതേസമയം, ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 2022 മാര്‍ച്ച് മാസത്തോടെ വിതരണം തുടങ്ങാനാകുമെന്നാണ് സ്‌കോഡ ഉറപ്പ് നല്‍കിയിട്ടുള്ളത്. ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരാകും സ്ലാവിയയുടെ എതിരാളികള്‍. 10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

കൂപ്പെ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ളതാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിനെ ആകര്‍ഷകമാക്കുന്നത്. സ്‌കോഡയുടെ സിഗ്‌നേച്ചര്‍ ബട്ടര്‍ഫ്ളൈ ഗ്രില്ല്, എല്‍ ഷേപ്പ് എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്പ്, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്ലാമ്പ്. ഷാര്‍പ്പ് എഡിജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, ബോണറ്റില്‍ നല്‍കിയിട്ടുള്ള ലൈനുകളും സ്‌കോഡയുടെ ലോഗോയുമാണ് സ്ലാവിയയുടെ മുഖം അലങ്കരിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയി വീലും എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പും ഇതിലെ ഹൈലൈറ്റാണ്.

ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈന്‍ ചെയ്തിട്ടുള്ള അകത്തളമാണ് സ്ലാവിയയില്‍ ഒരുങ്ങിയിട്ടുള്ളത്. കറുപ്പ് നിറത്തിനൊപ്പം ആക്‌സെന്റുകല്‍ നല്‍കി അലങ്കരിച്ചിട്ടുള്ള ഡാഷ്‌ബോര്‍ഡ്, വശങ്ങളില്‍ വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്റ്റൈലിഷ് സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിന് സൗന്ദര്യമേകുന്ന ഘടകങ്ങള്‍.

1.0 ലിറ്റര്‍ ടി.എസ്.ഐ, 1.5 ലിറ്റര്‍ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളിലാണ് സ്ലാവിയ എത്തുന്നത്. 1.0 ലിറ്റര്‍ എന്‍ജിന് 113 ബി.എച്ച്.പി. കരുത്തും 175 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കാകും. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, ആറ്‌സ്പീഡ് മാനുവല്‍ എന്നീ ഓപ്ഷനുകളില്‍ വാഹനം ലഭിക്കും. 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിന്‍ 150 ബി.എച്ച്.പി. കരുത്തും 250 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡി.എസ്.ജി. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്.

Content Highlights: Skoda Slavia Delivery Begins From March 2022, Skoda Slavia, Skoda Sedan, Skoda Cars