മൂടിക്കെട്ടിയ വാഹനത്തിന്റെ ചിത്രങ്ങളും ഡിസൈന്‍ സ്‌കെച്ചുകളും കാണിച്ച് വാഹനപ്രേമികളില്‍ വളര്‍ത്തിയ സസ്‌പെന്‍സുകള്‍ക്ക് വിരാമമിട്ട് ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള കോംപാക്ട് സെഡാന്‍ മോഡലായ സ്ലാവിയ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചു. സ്ലാവിയയുടെ വരവോടെ ഇപ്പോള്‍ സെഡാന്‍ ശ്രേണിയിലുള്ള റാപ്പിഡ് നിരത്തൊഴിഞ്ഞേക്കുമെന്നാണ് സൂചന. 2022-ന്റെ തുടക്കത്തോടെ സ്ലാവിയ വിപണിയില്‍ എത്തും.

ഇന്ത്യയുടെ സെഡാന്‍ പാരമ്പര്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കോഡ സ്ലാവിയ വിപണിയില്‍ എത്തിക്കുന്നതെന്നാണ് വിവരം. ആക്ടീവ്, അംബീഷന്‍, സ്റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലായിരിക്കും സ്ലാവിയ നിരത്തുകളില്‍ എത്തുക. വാഹനത്തിന്റെ വില അവതരണ വേളയിലായിരിക്കും വെളിപ്പെടുത്തുക. അതേസമയം, ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് ഇന്ന് മുതല്‍ ആരംഭിക്കുമെന്നും 2022 ആദ്യം വിതരണം ആരംഭിക്കുമെന്നും സ്‌കോഡ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കൂപ്പെ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ളതാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്‌കോഡയുടെ സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ല്, എല്‍ ഷേപ്പ് എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഹെഡ്‌ലാമ്പ്, ക്ലാഡിങ്ങ് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ്‌ലാമ്പ്. ഷാര്‍പ്പ് എഡിജുകള്‍ നല്‍കിയിട്ടുള്ള ബമ്പര്‍, ബോണറ്റില്‍ നല്‍കിയിട്ടുള്ള ലൈനുകളും സ്‌കോഡയുടെ ലോഗോയുമാണ് സ്ലാവിയയുടെ മുഖം അലങ്കരിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയി വീലും, എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പും ഇതിലെ ഹൈലൈറ്റാണ്.

Skoda Slavia

ഫീച്ചറുകള്‍ കുത്തിനിറയ്ക്കാതെ ചിട്ടയായി ഡിസൈന്‍ ചെയ്തിട്ടുള്ള അകത്തളമാണ് സ്ലാവിയയില്‍ ഒരുങ്ങിയിട്ടുള്ളത്. കറുപ്പ് നിറത്തിനൊപ്പം ആക്സെന്റുകല്‍ നല്‍കി അലങ്കരിച്ചിട്ടുള്ള ഡാഷ്ബോര്‍ഡ്, വശങ്ങളില്‍ വൃത്താകൃതിയിലും മധ്യഭാഗത്ത് ചതുരാകൃതിയിലും ഒരുങ്ങിയിട്ടുള്ള എ.സി. വെന്റ്, 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സ്‌റ്റൈലിഷ് സീറ്റുകള്‍ എന്നിവയാണ് അകത്തളത്തിന് സൗന്ദര്യമേകുന്ന ഘടകങ്ങള്‍.

കുഷാക്കുമായി മെക്കാനിക്കല്‍ ഫീച്ചറുകള്‍ പങ്കിട്ടാണ് സ്ലാവിയയും എത്തിയിട്ടുള്ളത്. 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍, 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്നീ ടി.എസ്.ഐ. പെട്രോള്‍ എന്‍ജിനുകളായിരിക്കും ഈ വാഹനത്തില്‍ നല്‍കുക. 1.0 ലിറ്റര്‍ എന്‍ജിന്‍ 113 ബി.എച്ച്.പി. പവറും 175 എന്‍.എം. ടോര്‍ക്കും, 1.5 ലിറ്റര്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡി.എസ്.ജി. എന്നീ ഗിയര്‍ബോക്സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlights: Skoda Slavia Compact Sedan Unveiled, Skoda Cars, Slavia Sedan, Skoda Slavia